മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി

Posted on: February 26, 2015 9:35 am | Last updated: February 26, 2015 at 9:35 am

നരിക്കുനി: കാക്കൂര്‍ തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കോഴിക്കോട്- ബാലുശേരി റോഡരികില്‍ കാക്കൂര്‍ പാലത്തിനടുത്താണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.
മുണ്ടുവപുറം താഴം, നന്ദ്രത്തുകര, നാഗത്തുകണ്ടി, പാലരുകണ്ടി തുടങ്ങി രണ്ടര കിലോമീറ്ററോളം നീളത്തില്‍ തോട്ടില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ശുചീകരിച്ച തോട്ടിലേക്ക് തുറന്ന് വിട്ടതാണ് മത്സ്യങ്ങള്‍ ചാകാനിടയാക്കിയത്. അമിതമായ അളവിലുള്ള ശുചീകരണ പദാര്‍ഥങ്ങളുടെ ഉപയോഗമായിരിക്കാം മത്സ്യങ്ങളെ നശിപ്പിച്ചതെന്നാണ് നിഗമനം. ജപ്പാന്‍ പദ്ധതിക്കായി കാക്കൂര്‍ പാലത്തിനടുത്ത് നിര്‍മിച്ച ജംഗ്ഷന്‍ ബില്‍ഡിംഗില്‍ നിന്ന് ഒരു പൈപ്പ് കാക്കൂര്‍ തോട്ടിലേക്കാണ് തുറക്കുന്നത്. ഈ പൈപ്പ് വഴിയാണ് വെള്ളം തോട്ടിലേക്ക് ഒഴുക്കിയത്.
ഒട്ടേറെ ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി തോട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.