സുവാരസിന് ഡബിള്‍; ബാഴ്‌സക്ക് ജയം

Posted on: February 26, 2015 5:43 am | Last updated: February 25, 2015 at 11:44 pm
260EA18D00000578-2967842-image-a-9_1424851372463
മെസിയുടെ പെനാല്‍റ്റി കിക്ക് ഹാര്‍ട് തടയുന്നു

മാഞ്ചസ്റ്റര്‍/ടുറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കും ഇറ്റാലിയന്‍ ടീം ജുവെന്റസിനും ജയം. ബാഴ്‌സലോണ എവേ മാച്ചില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ജുവെന്റസ് ഹോംഗ്രൗണ്ടില്‍ ഇതേ മാര്‍ജിനില്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോട്മുണ്ടിനെയും പരാജയപ്പെടുത്തി.
മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളാണ് ബാഴ്‌സലോണക്ക് ജയം സമ്മാനിച്ചത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ അഗ്യുറോയാണ് സിറ്റിയുടെ ഗോള്‍ മടക്കിയത്. മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത് ലാറ്റിനമേരിക്കന്‍ താരങ്ങളാണ് എന്ന പ്രത്യേകത നിലനില്‍ക്കുന്നു. സ്റ്റോപ്പേജ് ടൈമില്‍ സിറ്റി ഡിഫന്‍ഡര്‍ സബലേറ്റ തന്റെ അര്‍ജന്റൈന്‍ നായകനായ മെസിയെ വീഴ്ത്തിയതിനെ തുടര്‍ന്നാണ് ബാഴ്‌സക്ക് പെനാല്‍റ്റി ലഭിച്ചത്. എവേ മാച്ചില്‍ മൂന്നാം ഗോള്‍ നേടി ബാഴ്‌സക്ക് ക്വാര്‍ട്ടര്‍ ബെര്‍ത് ബലപ്പെടുത്താനുള്ള അവസരം. പക്ഷേ, സിറ്റി ഗോളി ജോ ഹാര്‍ട്ട് ഡൈവ് ചെയ്ത് പന്ത് തട്ടിമാറ്റി. റീബൗണ്ട് ബോള്‍ ഹെഡറിലൂടെ വലയിലാക്കാനുള്ള മെസിയുടെ ശ്രമവും പാളി.
നിരാശനായി പുല്‍ത്തകിടിയില്‍ കിടന്ന മെസി എഴുന്നേല്‍ക്കുമ്പോള്‍ ഫൈനല്‍ വിസില്‍ മുഴങ്ങുകയും ചെയ്തു. പെനാല്‍റ്റി തടയാന്‍ സാധിച്ചത് രണ്ടാം പാദത്തില്‍ തന്റെ ടീമിന് തിരിച്ചുവരവിന് അവസരമൊരുക്കിയെന്ന് സിറ്റി കോച്ച് മാനുവല്‍ പെല്ലെഗ്രിനി പ്രതികരിച്ചു. ബാഴ്‌സ മത്സരം ജയിച്ചെങ്കിലും അവസാന മിനുട്ടില്‍ പെനാല്‍റ്റി തടഞ്ഞതോടെ ജേതാക്കളുടെ ശരീരഭാഷ കൈവരിച്ചത് തന്റെ കുട്ടികളാണെന്ന് പെല്ലെഗ്രിനി.
സിറ്റിയുടെ തട്ടകത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്‌സലോണ ആദ്യ പകുതിയില്‍ പന്ത് വിട്ടുകൊടുത്തതേയില്ല. നാല്‍പ്പത്തഞ്ചാം മിനുട്ടിലായിരുന്നു അഗ്യുറോയിലൂടെ സിറ്റി ആദ്യമായി ബാഴ്‌സ ഗോളിലേക്ക് എണ്ണം പറഞ്ഞൊരു ഷോട്ട് പായിച്ചത്. 4-5-1 ഫോര്‍മേഷനില്‍ അല്‍വാരോ നെഗ്രൊഡോയെ ഏക സ്‌ട്രൈക്കറാക്കിയുള്ള പെല്ലെഗ്രിനിയുടെ തന്ത്രമാണ് പാളിയത്. രണ്ടാം പകുതിയില്‍ എഡിന്‍ സെക്കോയെയും അഗ്യുറോയെയും സ്‌ട്രൈക്കര്‍മാരാക്കി 4-4-2 ലേക്ക് സിറ്റി മാറിയതോടെ കളി മാറി. ബാഴ്‌സയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. ഇതിന്റെ ഫലമായിട്ടായിരുന്നു അറുപത്തൊമ്പതാം മിനുട്ടില്‍ അഗ്യുറോയുടെ സൂപ്പര്‍ ഗോള്‍. ടീം വര്‍ക്കിന്റെ ഫലമായിരുന്നു ഈ ഗോള്‍. തുടര്‍ന്നും ബാഴ്‌സയെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ സിറ്റിക്ക് സാധിച്ചു. എന്നാല്‍, ഡാനി ആല്‍വസിനെ ഫൗള്‍ ചെയ്ത് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ലെഫ്റ്റ് ബാക്ക് ഗേല്‍ ക്ലിചിക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് സിറ്റിക്ക് തിരിച്ചടിയായി.
ബാഴ്‌സയുടെ രണ്ട് ഗോളുകളും വിംഗ് അറ്റാക്കിംഗിലൂടെ ആയിരുന്നു. ആദ്യത്തേത് പതിനാറാം മിനുട്ടില്‍ വലത് വിംഗില്‍ നിന്ന് മെസി ഉയര്‍ത്തി വിട്ട പന്തിന്റെ രൂപത്തില്‍. പന്ത് സിറ്റി ക്യാപ്റ്റന്‍ കൊംപാനി തന്റെ പുറം കൊണ്ട് തടുത്തിട്ടു. ഒപ്പം പന്തിനായി കൊതിച്ചു നടന്ന സുവാരസിന് കോളായി. ബുള്ളറ്റ് വേഗത്തില്‍ ഇടങ്കാലനടി. ജോ ഹാര്‍ട്ടിനെ കാഴ്ചക്കാരനാക്കി സുവാരസിന്റെ ഗോള്‍. ലിവര്‍പൂള്‍ വിട്ട് ബാഴ്‌സയില്‍ ചേര്‍ന്നതിന് ശേഷം സുവാരസ് ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങിയത്. ആദ്യ അവസരത്തില്‍ തന്നെ ഉറുഗ്വെക്കാരന്‍ ഗോള്‍ നേടുകയും ചെയ്തു. തന്നെ കൂക്കിവിളിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സുവാരസിന്റെ ഗോളുകള്‍.
രണ്ടാം ഗോള്‍ മുപ്പതാം മിനുട്ടില്‍. ഇത്തവണ ഇടത് വിംഗിലൂടെ ജോര്‍ഡി അല്‍ബ നടത്തിയ കുതിപ്പിന്റെ രൂപത്തില്‍. അല്‍ബ ബോക്‌സിനുള്ളില്‍ നിന്ന് ആരെങ്കിലുമൊന്ന് തൊടട്ടെയെന്ന് കരുതി തൊടുത്ത ഗ്രൗണ്ട് ബോള്‍ അപാരമായമാ മെയ് വഴക്കത്തോടെ സുവാരസ് പറന്നെത്തി കാലിലുരുമ്മി വലയിലേക്ക് തിരിച്ചുവിട്ടു. ഡാനി ആല്‍വസിന്റെ ഒരു ഗോള്‍ ശ്രമം ബാറില്‍ തട്ടിത്തെറിച്ചിരുന്നു. സസ്‌പെന്‍ഷന്‍ കാരണം മിഡ്ഫീല്‍ഡര്‍ യായ ടുറെ കളിക്കാഞ്ഞത് സിറ്റിയെ കാര്യമായി ബാധിച്ചു. സിറ്റിയുടെ മിഡ്ഫീല്‍ഡ് ഒഴിഞ്ഞു കിടക്കും പോലെയായിരുന്നു. ഇത് ഇനിയെസ്റ്റക്കും മെസിക്കും നെയ്മറിനും ഗെയിംപ്ലാന്‍ ചെയ്യാന്‍ വിശാലമായ ഇടം നല്‍കി.
അറുപത് മിനുട്ടിന് ശേഷം നസ്‌റിക്ക് പകരം ഫെര്‍നാണ്ടിഞ്ഞോയും സെക്കോക്ക് പകരം വില്‍ഫ്രഡ് ബോണിയും ഇറങ്ങിയതോടെയാണ് സിറ്റിയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടിയത്. എഴുപത്തിമൂന്നാം മിനുട്ടില്‍ ക്ലിചി പുറത്തായതോടെ സില്‍വയെ പിന്‍വലിച്ച് ഡിഫന്‍ഡര്‍ സാഗ്നയെ കളത്തിലിറക്കാന്‍ സിറ്റി കോച്ച് നിര്‍ബന്ധിതനായതും ആക്രമണത്തിന്റെ മുനയൊടിച്ചു. കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ഹോം മാച്ച് അവസാനിപ്പിക്കാനായിരുന്നു പിന്നീട് സിറ്റിയുടെ ശ്രമം.
ഇറ്റലിയിലെ ടുറിനില്‍ ജുവെന്റസിനെതിരെ എവേ ഗോള്‍ നേടാന്‍ സാധിച്ചതാണ് ബൊറൂസിയയുടെ വിജയം. റിട്ടേണ്‍ ലെഗില്‍ 1-0ന് ജയിച്ചാല്‍ ജര്‍മന്‍ പടക്ക് ക്വാര്‍ട്ടര്‍ ബെര്‍ത് നേടാവുന്നതേയുള്ളൂ. പതിമൂന്നാം മിനുട്ടില്‍ ടെവസിലൂടെ ലീഡെടുത്ത ജുവെന്റസിനെ പതിനെട്ടാം മിനുട്ടില്‍ മാര്‍കോ റ്യൂസിന്റെ ഗോളില്‍ ബൊറൂസിയ ഒപ്പം പിടിച്ചു. അവസാന ഡിഫന്‍ഡര്‍ ചെല്ലെനി വഴുക്കി വീണതിനെ തുടര്‍ന്നായിരുന്നു റ്യൂസ് പന്ത് കൈക്കലാക്കി ഗോളടിച്ചത്. എന്നാല്‍, മൊറാട്ടയിലൂടെ നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ജുവെന്റസ് നാട്ടുകാര്‍ക്കാവേശം സമ്മാനിച്ചു (2-1).