Connect with us

Sports

ഐറിഷ് മുന്നേറ്റം

Published

|

Last Updated

ബ്രിസ്‌ബെന്‍: യു എ ഇ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് അയര്‍ലാന്‍ഡ് ലോകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി. തുല്യ പോരാട്ടം കണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ജയം. യു എ ഇ ഉയര്‍ത്തിയ 279 റണ്‍ വിജയലക്ഷ്യം അയര്‍ലന്‍ഡ് നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അവസരോചിതമായി ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത ഗാരി വില്‍സണും (80) എതിരാളികളുടെ ആത്മബലം കെടുത്തിക്കൊണ്ട് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കെവിന്‍ ഒബ്രീനുമാണ് (25 പന്തില്‍ 50) അയര്‍ലന്‍ഡിനെ ലക്ഷ്യത്തോടടുപ്പിച്ചത്. ഗാരി വില്‍സനാണ് കളിയിലെ കേമന്‍.
സ്‌കോര്‍: യു.എ.ഇ278/9 (50 ഓവര്‍); അയര്‍ലന്‍ഡ് 279/9 (49.2 ഓവര്‍).
അന്‍വര്‍ ഷൈമാന്റെ ചരിത്ര സെഞ്ച്വറിയുടെ ബലത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ യു എ ഇക്ക് ഫീല്‍ഡില്‍ നിറം മങ്ങി. ഔട്ട്ഫീല്‍ഡില്‍ യഥേഷ്ടം റണ്‍സ് വിട്ടുകൊടുത്ത യു എഇ ഐറിഷ് പടക്ക് ലക്ഷ്യം എളുപ്പമാക്കി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് യു.എ.ഇ ആദ്യം പതറിയെങ്കിലും സെഞ്ച്വറി നേടിയ ഷെയ്മാന്‍ അന്‍വറിന്റെ അവസരോചിതമായ ബാറ്റിങ് അവരെ ഉയര്‍ത്തി.
ഏഴാം വിക്കറ്റില്‍ അംജദ് ജാവേദും (35 പന്തില്‍ 42) ഷെയ്മാനും (83 പന്തില്‍ 106) ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 107 റണ്‍സാണ് യു.എ.ഇ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 34.2 ഓവറില്‍ ആറ് വിക്കറ്റിന് 131 എന്ന നിലയില്‍ ഒത്തുചേര്‍ന്ന അന്‍വറും ജാവേദും ടീം സ്‌കോര്‍ 46 ഓവറില്‍ 238 ലെത്തിച്ചു. ഓപ്പണര്‍ അംജദ് അലി (45), ഖുറാം ഖാന്‍ (36) എന്നിവരും യു.എ.ഇയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.അയര്‍ലന്‍ഡിനായി മാക്‌സ് സോറെന്‍സന്‍, അലക്‌സ് കുസാക്ക്, പോള്‍ സ്റ്റിര്‍ലിങ്, കെവിന്‍ ഒബ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അയര്‍ലന്‍ഡിന് നാല് റണ്‍സാകുമ്പോഴേക്കും ആദ്യ വിക്കറ്റ് വീണിരുന്നു. മൂന്ന് റണ്‍സെടുത്ത പോള്‍ സ്റ്റിര്‍ലിംഗാണ് പുറത്തായത്. പിന്നീട് പോട്ടര്‍ഫീല്‍ഡും (37) ജോയ്‌സം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 72ല്‍ ജോയ്‌സ് പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ അയര്‍ലന്‍ഡ്, 25 ഓവര്‍ പിന്നിടുമ്പോള്‍ 97ന് നാല് എന്ന നിലയില്‍ പരുങ്ങുകയായിരുന്നു.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ബാല്‍ബിര്‍നീയും (30) വില്‍സണും ചേര്‍ന്ന് 74 റണ്‍സും ആറാം വിക്കറ്റില്‍ വില്‍സണും കെവിന്‍ ഒബ്രീനും ചേര്‍ന്ന് 72 റണ്‍സും കൂട്ടിച്ചേര്‍ത്ത് അയര്‍ലന്‍ഡ് നില ഭദ്രമാക്കി. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് കളിയെ ആവേശത്തിലാക്കിയെങ്കിലും വാലറ്റത്ത് അലക്‌സ് കുസാക്കും (5) ജോര്‍ജ് ഡോക്ക്‌റെല്ലും (7) ചേര്‍ന്ന് ഐറിഷ് ടീമിനെ വിജയതീരത്ത് എത്തിച്ചു.
യു.എ.ഇയ്ക്കായി അംജദ് ജാവേദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവീദ്, മുഹമ്മദ് തൗഖിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും മഞ്ജുല ഗുരുജ് ഒരു വിക്കറ്റും നേടി.

Latest