Connect with us

Kollam

അയല്‍ക്കാരനെ ചവിട്ടിക്കൊന്ന കേസില്‍ ദമ്പതികള്‍ക്ക് കഠിന തടവും പിഴയും

Published

|

Last Updated

കൊല്ലം: അയല്‍ക്കാരനെ ചവിട്ടിക്കൊന്ന കേസില്‍ ദമ്പതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 2011 ഒക്‌ടോബര്‍ രണ്ടിന് ഓടനാവട്ടം അയണിക്കോട് ലക്ഷംവീട് കോളനിയില്‍ പരമുവിന്റെ മകന്‍ രാജുവി (40) നെ കൊന്ന കേസിലാണ് ഓടനാവട്ടം അയണിക്കോട് ലക്ഷംവീട് കോളനിയില്‍ വീരപ്പന്‍ എന്ന കുട്ടപ്പനെ (52) യും വത്സലയെ (52) യും കൊല്ലം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ഒന്നാംപ്രതി കുട്ടപ്പനെ ഐ പി സി 304 വകുപ്പുപ്രകാരം അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവിനും രണ്ടാം പ്രതി വത്സലക്ക് ഐ പി സി 304 വകുപ്പുപ്രകാരം നാല് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവിനും ഐ പി സി 324 പ്രകാരം ആറുമാസം കഠിനതടവിനും 5000 രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം തടവിനുമാണ് കോടതി വിധിച്ചത്. മൂന്നാംപ്രതി വത്സലയുടെ പിതാവ് തങ്കപ്പന്‍ വിചാരണക്കിടെ മരിച്ചു.
പ്രതികളുടെ അഞ്ച് വയസ്സുള്ള മകന്‍ ചീത്ത വിളിച്ചതിന് രാജു വഴക്കുപറഞ്ഞതിലുള്ള വിരോധത്തിനാണ് പ്രതികള്‍ രാജുവിനെ അക്രമിച്ച് വയറിന് മാരകമായി പരുക്കേല്‍പ്പിച്ചത്. രണ്ടാം ദിവസം രാജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആല്‍ബര്‍ട്ട് പി നെറ്റോ, അഡ്വക്കറ്റുമാരായ വിഷ്ണു മോഹന്‍, ഷഹ്നാ ബാനു എന്നിവര്‍ കോടതിയില്‍ ഹാജരായി.