Connect with us

Kerala

ചരിത്ര സംഗമത്തിന് പ്രൗഢമായ തുടക്കം

Published

|

Last Updated

താജുല്‍ ഉലമ നഗര്‍ (എടരിക്കോട്): ഇനി നാല് നാള്‍ ചരിത്രം അതിന്റെ കണ്ണാടി മലപ്പുറം എടരിക്കോട്ടേക്ക് തിരിച്ചുപിടിക്കും. ഏറ്റവും വലിയ ധര്‍മാധിഷ്ടിത യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന് താജുല്‍ ഉലമ നഗരിയില്‍ പ്രൗഢോജ്ജ്വല തുടക്കം. മലയാളി അക്ഷമയോടെ കാത്തിരുന്ന മഹാമഹത്തിന് നഗരിയുണര്‍ന്നു.

കാല്‍ ലക്ഷം കര്‍മഭടന്മാര്‍ അച്ചടക്കത്തോടെ അടിവെച്ച് നീങ്ങിയ ഉജ്ജ്വല മാര്‍ച്ചോടെയാണ് സമ്മേളനത്തിത് ഔപചാരിക തുടക്കമായത്. ഉച്ചക്ക് മൂന്ന് മണിയോടെ ചങ്കുവെട്ടി പാലത്തറയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കാല്‍ ലക്ഷം സ്വഫ് വ വളണ്ടിയര്‍മാര്‍ അണിനിരന്നു. മാര്‍ച്ച് കോട്ടക്കലിന് പുതുമയുള്ളതായി. റാലി വീക്ഷിക്കാനും അഭിവാദ്യം അര്‍പ്പിക്കാനുമായി റോഡിനിരുവശവുയി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ഉദ്ഘാടന സമ്മേളനത്തിനെത്തിയ ജനകൂട്ടം സംഘടനാ ശക്തി തെളിയിക്കുന്നതായി.

മാര്‍ച്ച് നഗരിയിലെത്തിയതോടെ അറുപതാം വാര്‍ഷികത്തിന് തുടക്കം കുറിച്ച് അറുപത് പതാകകള്‍ നേതാക്കള്‍ ഉയര്‍ത്തി. തുടര്‍ന്ന് എസ് വൈ എസിന്റെ സേവന സന്നദ്ധ വിഭാഗമായ സ്വഫ്‌വ വളണ്ടിയര്‍മാരെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തിനും രാജ്യത്തിനും സേവനം ചെയ്യാന്‍ സ്വഫ്‌വ വളണ്ടിയര്‍മാര്‍ പ്രതിജ്ഞയെടുത്തു.

ഖുവൈത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശൈഖ് സയ്യിദ് മുഹമ്മദ് യൂസുഫ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അഡ്വ പി ടി എ റഹീം എം എല്‍ എ, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എം വീരാന്‍കുട്ടി, സി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. ഖുവൈത്ത് സുപ്രീം കോടതി ജസ്റ്റിസ് സയ്യിദ് ഹിശാം അല്‍ ശഹീന്‍, ശൈഖ് മുഹമ്മദ് അല്‍ ഖുറൈശി അഥിതികളായിരുന്നു. ബാവ മുസ്‌ലിയാര്‍ വൈലത്തൂര്‍, കോട്ടൂര്‍ കുഞമ്മു മുസ്‌ലിയാര്‍, ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വാളക്കുളം, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, അഹമ്മദ്കുട്ടി ഹാജി എറണാംകുളം, അബ്ദുല്‍കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, കെ പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, എം എന്‍ സിദ്ദീഖ് ഹാജി സംബന്ധിച്ചു. എം എന്‍ കുഞ്ഞഹമ്മദാജി സ്വാഗതവും ഊരകം അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സ്വഫ്‌വ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി 13 അനുബന്ധ സമ്മളനങ്ങള്‍ നാലു വേദികളിലായി നടക്കും. പ്രതിനിധി സമ്മേളനത്തില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്ത പതിനയ്യായിരം സ്ഥിരം പ്രതിനിധികളും അനുബന്ധ സമ്മേളനങ്ങളില്‍ പതിനായിരം പേരും പങ്കെടുക്കും.

നാളെ വൈകുന്നേരം 4 മണിക്ക് പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യാ ഉലമ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിക്കും. കടല്‍ തൊഴിലാളി സമ്മേളനം, അന്യസംസ്ഥാന തൊഴിലാളി സമ്മേളനം, ആധ്യാത്മിക സമ്മേളനം എന്നിവയും നടക്കും. മന്ത്രി കെ ബാബു,
സിറാജുദ്ദീന്‍ ഖുറൈശി, ഉമര്‍ ഹബീബ് ബിന്‍ ഹഫീള് യമന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
മാര്‍ച്ച് 1 ന് അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

sys photo 2

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമര ജാഥകള്‍ താജുല്‍ ഉലമ നഗരിയില്‍ സംഗമിച്ചപ്പോള്‍.