Connect with us

Editorial

കേന്ദ്ര വിതംവെപ്പും കേരളവും

Published

|

Last Updated

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ഗണ്യമായ വര്‍ധന ശിപാര്‍ശ ചെയ്യുന്ന പതിനാലാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍ നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്നതാണ് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡി ചെയര്‍മാനായ പതിനാലാമത് ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ചു സംസ്ഥാനങ്ങളുടെ പദ്ധതി തുകയായി 2014-15ല്‍ അനുവദിച്ചിരുന്ന 3.48 ലക്ഷം കോടി,2015-16ല്‍ 5.26 ലക്ഷം കോടി രൂപയായി ഉയരും. കേന്ദ്ര സര്‍ക്കാറിന്റെ നികുതി വരുമാനം ലക്ഷ്യം കാണാതെ വരികയും, സംസ്ഥാന വിഹിതം ഒറ്റയടിക്ക് പത്ത് ശതമാനമായി ഉയര്‍ത്തുന്നതിനോട് കമ്മീഷന്‍ അംഗം അഭിജിത് സെന്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അപ്പടി അംഗീകരിക്കുകയായിരുന്നു. ഇതാദ്യമായാണ് സംസ്ഥാന വിഹിതത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധന. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ഒന്നര ശതമാനം വര്‍ധന മാത്രമാണ് 2010- 15 വര്‍ഷത്തേക്ക് അനുവദിച്ചിരുന്നത്.
അതേസമയം, ഓരോ സംസ്ഥാനത്തിനും അനുവദിച്ച നികുതി വിഹിതത്തിന്റെ ശതമാനം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് കാര്യമായ വര്‍ധനയുണ്ടാകില്ല. 2.5 ശതമാനമാണ് 2015-19 വര്‍ഷങ്ങളിലേക്ക് കേരളത്തിന്റെ വിഹിത ശതമാനം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 3.5 ശതമാനവും പന്ത്രണ്ടാം പദ്ധതിയില്‍ 2.66 ശതമാനവും പതിമൂന്നില്‍ 2.34 ശതമാനവുമായിരുന്നു അനുവദിച്ചിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമൂഹിക, ഭൂമിശാസ്ത്രപരമായ ചുറ്റുപാടുകളാണ,് സംസ്ഥാനങ്ങളുടെ വിഹിത നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് നിദാനമെന്നതാണ് കേരള വിഹിതം കുറയാനിടയാക്കുന്നത്. ജനസംഖ്യാനുപാതികമായി സംസ്ഥാന വിഹിതം നിശ്ചയിച്ചെങ്കില്‍ മാത്രമേ കേരളത്തിന് മെച്ചമുണ്ടാവുകയുള്ളു. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കമ്മീഷനുകള്‍ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ആളോഹരി വരുമാനം, വനപ്രദേശം, വിസ്തൃതി തുടങ്ങിയവക്കുള്ള മൂല്യം, സാമ്പത്തിക അച്ചടക്കം തുടങ്ങിയവയാണ് പതിനാലാം ധനകാര്യ കമ്മീഷന്‍ മുഖ്യ മാനദണ്ഡങ്ങളായി സ്വീകരിച്ചത്.
എന്നാല്‍, കടക്കെണിയില്‍ അകപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് നല്‍കാനുള്ള നിര്‍ദേശം അംഗീകരിച്ചപ്പോള്‍ കേരളത്തെയും ഉള്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ്. 1.94 ലക്ഷം കോടി രൂപയാണ് കേരളം, ആന്ധ്ര, പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങി പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ധനസഹായമായി നല്‍കാന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. ഇതനുസരിച്ചു കേരളത്തിന് 2015-16 വര്‍ഷത്തില്‍ 4640 കോടി രൂപ, 2016-17 ല്‍ 3350 കോടി, 2017-18 ല്‍ 1529 കോടി എന്നിങ്ങനെ മൊത്തം 9,519 കോടി രൂപ ലഭിക്കും. സമീപഭാവിയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത.്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധിക സഹായം നല്‍കാനുള്ള കമ്മീഷന്റെ ശിപാര്‍ശയും എന്‍ ഡി എ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് 2ലക്ഷം കോടിരൂപയും മുനിസിപ്പാലിറ്റികള്‍ക്ക് എണ്‍പത്തിയേഴായിരം കോടിരൂപയും അഞ്ചുവര്‍ഷത്തേക്ക് ഗ്രാന്‍ഡായി അനുവദിക്കാനാണ് തീരുമാനം. കേരളത്തിന് ഇത് യഥാക്രമം 3615.85 കോടി രൂപയും 2931.48 കോടി രൂപയുമായിരിക്കും. കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 401.76 കോടി രൂപ, നഗര തദ്ദേശസ്ഥാപനങ്ങള്‍ക്ക് 732.87 കോടി രൂപ എന്നിങ്ങനെ പ്രവര്‍ത്തന ഗ്രാന്റും ലഭിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിന് അനുസൃതമായി മാറ്റം വരുത്താനുള്ള അനുവാദവും കേരളത്തിന് ഗുണകരമാണ്. നമുക്ക് അനുവദിക്കുന്ന പല കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഇവിടേക്ക് അനുയോജ്യമല്ലെന്നും അവയില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും ആവശ്യപ്പെടാറുള്ളതാണ്.
കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രത്യേക ഗ്രാന്റ് അനുവദിച്ചതൊഴിച്ചാല്‍ ധനകാര്യ കമ്മീഷന്‍ ഇക്കുറിയും കേരളത്തോട് നീതികാണിച്ചുവെന്ന് പറയാനാകില്ല. കേരളത്തെ ഒരു സാമ്പത്തിക ശക്തിയായി വിലയിരുത്തുന്നതാണിതിന് കാരണം. ഇതിലപ്പുറം ഒരു ഉപഭോഗ സംസ്ഥാനം കൂടിയാണെന്ന വസ്തുത കമ്മീഷന്‍ പരിഗണിക്കാതെ പോകുന്നു. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം മുതലായ രംഗങ്ങളില്‍ കേരളം കൈവരിച്ച പുരോഗതി നിലനിര്‍ത്തുകയെന്നത് ശ്രമകരവും ചെലവേറിയതുമായ ബാധ്യതയാണ്. സാമൂഹിക മേഖലകളിലെ മുന്നേറ്റത്തിന് പ്രോത്സാഹനജനകമായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകേണ്ടത്.ജനസംഖ്യാനുപാതികമായ വിഹിത നിര്‍ണയമാണ് ശാസ്ത്രീയവും ന്യായവും.