Connect with us

Articles

പാര്‍ട്ടികളുടെ സ്വയംഹത്യകള്‍

Published

|

Last Updated

വെസ്റ്റ് ബംഗാളിലെ ബെഹലയില്‍ സ്ഥിതി ചെയ്യുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഓഫീസ് കഴിഞ്ഞ ആഴ്ച വാര്‍ത്തകളില്‍ ഇടം നേടി. ഓഫീസിനകത്ത് വെച്ച് അഞ്ച് വയസ്സുകാരി മൃഗീയ പീഡനത്തിനിരയായ ദാരുണമായ സംഭവമാണ് ബെഹലിയിലെ ബി ജെ പി ഓഫീസിന് ജനശ്രദ്ധ നല്‍കിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ഓഫീസിനകത്ത് ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയുടെ പ്രാദേശിക യൂനിറ്റില്‍ നടന്ന ഒറ്റപ്പെട്ട സംഭവമായി ചുരുക്കിക്കാണാന്‍ കഴിയുന്നതല്ല ഈ അരുതായ്മയെ. രണ്ട് ആഴ്ച മുമ്പ് രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിന ശിക്ഷ വിധിച്ചത് കോളിളക്കം സൃഷ്ടിച്ച, കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയുടെ കൊലപാതകക്കേസിലാണ്. ലൈംഗികമായി ആക്രമിച്ച ശേഷം രാധയെ കൊലപ്പെടുത്തുകയായിരുന്നു പ്രതികള്‍. രാജ്യത്തിനും ജനങ്ങള്‍ക്കും ദിശാബോധം നല്‍കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂക്കിനുതാഴെ കൊടിയ പാപങ്ങളും അരുതാകര്‍മങ്ങളുമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരികവും മാനവികവുമായി മനുഷ്യന്‍ അധഃപതിച്ചതിന്റെ നേര്‍കാഴ്ചകള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്നുമാത്രമല്ല, രാഷ്ട്രീയ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അടുത്ത 20 വര്‍ഷത്തിന് ശേഷം രാഷ്ട്രീയരംഗം എന്താകുമെന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത വിധം മലിനമായിരിക്കുന്നു.
രാഷ്ട്രീയം എന്ന മഹത്തായ ജനസേവനം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് കരുത്തും പ്രതീക്ഷയുമാണ് നല്‍കുക. ജനാധിപത്യ വ്യവസ്ഥിതിക്കകത്ത് ജനങ്ങളെ രാജ്യനിര്‍മിതിയുടെ ഭാഗമാക്കുന്ന അമൂല്യമായ കര്‍മമാണ് രാഷ്ട്രീയം നിര്‍വഹിച്ചുപോരുന്നത്. ആ പദം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലൂടെ മറയുന്നത് വിവിധ വര്‍ണങ്ങളിലുള്ള പതാകയും പ്രകടനങ്ങളും മുദ്രാവാക്യങ്ങളും സമരങ്ങളുമൊക്കെയാണ്. ധീരതയും ഇടപെടലും സക്രിയതയും ഉള്‍ച്ചേര്‍ന്ന വിശാലമായൊരു സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് രാഷ്ട്രീയത്തേയും അതില്‍ ഭാഗഭാക്കായ രാഷ്ട്രീയ പ്രവര്‍ത്തകരേയും ജനങ്ങള്‍ കാണുന്നത്. എന്നാല്‍ ധരിച്ച വസ്ത്രം പോലെ തിളക്കമോ പൂശിയ സുഗന്ധം പോലെ മണമോ ഉള്ളതല്ല രാഷ്ട്രീയ നേതാക്കളുടെ അകംകഥകളെന്ന് ദിനംപ്രതി ബോധ്യപ്പെടുന്ന ചുറ്റുപാടിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പുതുതലമുറക്ക്, ദേശീയമോ പ്രാദേശികമോ ആയ വ്യത്യാസങ്ങളൊന്നുമില്ലാത്തവിധം ദുര്‍ഗന്ധപൂരിതമായ രാഷ്ട്രീയം, അസഹ്യവും അരോചകവുമായി അനുഭവപ്പെടുന്നു എന്നതാണ് നഗ്നയാഥാര്‍ഥ്യം.
ആത്മപരിശോധനക്കായി മുഴുവന്‍ രാഷ്ട്രീയ നേതാക്കളും തയ്യാറാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി വകഭേദങ്ങളില്ലാതെ ഏതെങ്കിലും പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷ നല്‍കുന്നതോ ശുഭകരമോ ആയ വാര്‍ത്തകള്‍ അടുത്ത കാലത്ത് നമ്മള്‍ കേട്ടിട്ടുണ്ടോ? ഒരു പ്രത്യേക മേഖലയില്‍ എന്നല്ല, മറിച്ച് ഇടപെടുന്ന മുഴുവന്‍ മേഖലകളും സീമകള്‍ ലംഘിച്ച് അധഃപതിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും. മാസങ്ങളോളം വായന അരോചകമാക്കിയ സോളാര്‍ തട്ടിപ്പ്, മുഖ്യമന്ത്രിയും പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും സംശയത്തിന്റെ നിലയില്‍-രംഗം കൂടുതല്‍ ശ്ലീലതയില്ലാതാക്കാന്‍ ഒരു പെണ്ണും, മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം, പാമോലിന്‍ അഴിമതി, ലാവ്‌ലിന്‍ കേസ്, മക്കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം, പണമിറക്കി ലോക്‌സഭാ സീറ്റ്, പാര്‍ട്ടി വിട്ടാല്‍ കൊലപാതകം, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ചാകര, പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കല്‍, ഇടമലയാര്‍ അഴിമതിക്കേസില്‍ നേതാവിന് ശിക്ഷ, ശിക്ഷാ കാലാവധി പൂര്‍ത്തിയാകുംമുമ്പ് സ്വാധീനം ഉപയോഗിച്ച് പ്രതി പുറത്ത്, തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായി നായകളുടെ കാല്‍ വെട്ടിമാറ്റിയ നിലയില്‍, മകനുമായുള്ള വിവാഹം നടക്കാത്തതിന്റെ പേരിലാണ് ലൈംഗികവേഴ്ച പുറത്തുവിട്ടതെന്ന് ഒരു എം എല്‍ എയുടെ “കണ്ടെത്തല്‍”, പാര്‍ട്ടി ഓഫീസുകളിലെ ഒളിക്യാമറാ ഓപ്പറേഷന്‍, പ്രതിയോഗികളുടെ ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്തല്‍, ദേശീയ ഗെയിംസിലെ ലാലിസം, കോടികള്‍ മുക്കിയ കല്‍ക്കരി കുംഭകോണം, ടുജി സ്‌പെക്ട്രം അഴിമതി, ശാരദാ കുംഭകോണം, കൈക്കൂലി ചോദിച്ച മുന്‍ ബി ജെ പി പ്രസിഡന്റിനെ തെഹല്‍ക്ക കയ്യോടെ പിടികൂടിയത്, കോമണ്‍വെല്‍ത്ത് ഗെയിംസ് എത്തിയപ്പോള്‍ നേതാക്കള്‍ അടിച്ചുമാറ്റിയ പണം, നിയമസഭയിലിരുന്ന് അശ്ലീലം കണ്ടാസ്വദിച്ചത്, സഭകളില്‍ കുരുമുളക് സ്‌പ്രേ, ആയിരങ്ങളെ സാക്ഷിയാക്കി ഒരു ആദര്‍ശ രാഷ്ട്രീയ നേതാവ് ചലചിത്ര താരത്തെ വേദിയില്‍ വെച്ച് പരസ്യമായി അപമാനിച്ചത്, വിദേശ വനിതയെ വിമാനത്തില്‍ കയറിപ്പിടിച്ചത്, മദ്യവാദികളായ പാര്‍ട്ടി നേതാക്കള്‍, യോഗം കഴിഞ്ഞ് മടങ്ങി പിറ്റേന്ന് ശത്രുപാര്‍ട്ടിയുട സ്ഥാനാര്‍ഥിയായി ലോക്‌സഭയില്‍ സീറ്റ് നേടിയവര്‍, കോടികളുടെ സ്യൂട്ടും കോട്ടും… ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയമെന്ന് പുതുതലമുറ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭരണ സ്തംഭനവും ആവര്‍ത്തന വിരസതയുള്ള പ്രഭാഷണങ്ങളും കൂട്ടത്തല്ലാവുന്ന മാധ്യമ ചര്‍ച്ചകളും ഇതിന് പുറമെയാണ്. അസഹ്യമായ നീതികേടും രാഷ്ട്രീയക്കാരുടെ ഗുണ്ടാ ജീവിതവും കാരണം മാധ്യമ സാക്ഷരരായ നവതലമുറയിലെ യുവതക്ക് വര്‍ത്തമാന രാഷ്ട്രീയത്തോട് അറപ്പും വെറുപ്പും ഏറിവരികയാണ്. അതിന് ആരേയും പഴിച്ചിട്ട് കാര്യമില്ല. സ്വയം കൃതാനര്‍ഥങ്ങള്‍വഴി രാജ്യത്തിന്റെ മുക്കുമൂലയില്‍ നിന്ന് പുച്ഛവും അവഹേളനവും സമ്പാദിക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീയമെന്ന പേരില്‍ പൊതുരംഗത്തുള്ള ജനപ്രതിനിധികളാകെയും.
ഉത്തര്‍പ്രദേശിലെ 403 എം എല്‍ എമാരില്‍ 189 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 98 പേരാകട്ടെ വന്‍കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരും. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 288 ജനപ്രതിനിധികളില്‍ 165 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ 115 പേര്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സാമുദായിക കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍. ഇത് വിരല്‍ ചൂണ്ടുന്നത് അപകടകരമായ ജനാധിപത്യ സംവിധാനത്തിലേക്കാണെന്നതില്‍ സംശയമില്ല. പുതിയ രാഷ്ട്രീയ നേതാക്കളായി രംഗപ്രവേശം ചെയ്ത് ബി ജെ പിക്കും കോണ്‍ഗ്രസിനും കനത്ത പരാജയം നല്‍കി അധികാരത്തിലേറിയ എ എ പിക്ക് ഭൂരിപക്ഷമുള്ള ഡല്‍ഹി നിയമസഭയില്‍ പോലും 24 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
ക്രിയാത്മകമായി ചിന്തിക്കുന്ന യുവതലമുറക്കാണ് രാഷ്ട്രീയത്തോട് കടുത്ത നീരസവും അവഗണനയുമുള്ളത്. രാഷ്ട്രീയ നേതാക്കള്‍ പോലും ഈ രഹസ്യം പരസ്യമായി സമ്മതിക്കുന്നവരാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്തിന്റെ ആവേശവും ഊര്‍ജസ്രോതസ്സുമായ യൗവനത്തെ ആകര്‍ഷിച്ച് രാഷ്ട്രീയത്തിലേക്കോ പാര്‍ട്ടിയിലേക്കോ കൊണ്ടുവരാന്‍ അധികാധ്വാനം വേണ്ടിയിരുന്നില്ല. പക്ഷേ പുതിയ യാഥാര്‍ഥ്യം അങ്ങനെയല്ല. പുതിയ കാല യുവതക്ക് രാഷ്ട്രീയ വാര്‍ത്തകള്‍ പോലും അരോചകമാവുകയാണ്. പ്രഭാത വായന പാര്‍ട്ടികളെ കുറിച്ചാകുമ്പോള്‍ വായനക്കുപോലും മടുപ്പ് തോന്നുന്നു. അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ച് ഇതര രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ ശോഭ കെടുത്തിയ മന്ത്രിമാര്‍മുതല്‍ ഭരണഘടനാ വിരുദ്ധമായ, സാമുദായിക കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടി നേതാക്കള്‍വരെ യുവതയുടെ വെറുപ്പിനിരകളാണ്. സങ്കുചിതവും സ്വാര്‍ഥവുമായ രാഷ്ട്രീയ കാഴ്ചപ്പാട് വിളിച്ചുവരുത്തിയ ദാരുണമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ യുവതയെ രാഷ്ട്രീയത്തില്‍ നിന്നും ബഹുകാതം അകലെയാക്കുന്നുണ്ട്. രാജ്യത്ത് മാതൃകയായി തലയുയര്‍ത്തി നില്‍ക്കേണ്ട പൊതുപ്രവര്‍ത്തന പ്ലാറ്റ്‌ഫോമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വാര്‍ത്തകള്‍ മാത്രം സമൂഹത്തിന് നല്‍കി യുവതലമുറയുടെ വിലപ്പെട്ട മാനവവിഭവശേഷിയെ സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്നും ആട്ടിയകറ്റിയതില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികളാണെന്ന് സമ്മതിച്ചേ പറ്റൂ. സ്വയം ചെയ്തികളിലൂടെ രാജ്യത്തിന് മുതല്‍കൂട്ടാകേണ്ട വിഭവശേഷിയാണ് രാഷ്ട്രീയ നേതാക്കള്‍ ചോര്‍ത്തിക്കളഞ്ഞത്.
പുതിയ തലമുറ അനുഭവിക്കുന്ന ഇത്തരം അലോസരതകള്‍ക്കിടയില്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായി ജീവിതം കൊണ്ട് കാണിച്ചു കൊടുക്കാന്‍ മാതൃകയായി ആരുണ്ട് എന്നതാണ് പ്രധാന ചോദ്യം. ആരെയാണ് റോള്‍ മോഡലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവതലമുറക്കുമുമ്പാകെ വെക്കാനുള്ളത്? ആപ്പില്‍ ജനം പ്രതീക്ഷയര്‍പ്പിക്കാനുണ്ടായ പ്രധാന കാരണം വ്യവസ്ഥാപിത പാര്‍ട്ടികളില്‍ മനംമടുത്തതു കൊണ്ടാണ്. ഈ വൈകല്യങ്ങളില്‍ നിന്ന് എ എ പി വിദൂരത്താണെന്ന് തെളിയിച്ചാലേ യുവതലമുറയുടെ ഇപ്പോഴത്തെ പിന്തുണക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. അല്ലങ്കില്‍ യുവതലമുറയുടെ വെറുപ്പിന് എ എ പിയും ഇരയാകും.