ജുവനൈല്‍ നിയമം: പുനരവലോകനത്തിന് ശിപാര്‍ശ ചെയ്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി

Posted on: February 26, 2015 5:59 am | Last updated: February 25, 2015 at 10:59 pm

ന്യൂഡല്‍ഹി: 16നും 18നും ഇടയില്‍ പ്രായമുള്ളവര്‍ കുറ്റം ചെയ്താല്‍ പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ നിബന്ധനകളില്‍ പുനരവലോകനം നടത്തണമെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. മാനവിഭവശേഷി മന്ത്രാലയത്തിന് കീഴിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വെച്ചു. ഗൗരവമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ളവരെ ജുഡീഷ്യല്‍ അതോറിറ്റിക്ക് കീഴിലേക്ക് മാറ്റുന്നത്, പുനരധിവാസത്തിനുള്ള അവകാശത്ത അപഹരിക്കുന്നതാണെന്ന് കമ്മിറ്റി വിലയിരുത്തി.
കുട്ടികളുടെ കോടതി, 16-18 പ്രായമുള്ളവര്‍ക്കുള്ള പ്രത്യേക കേസ് നടപടികള്‍ തുടങ്ങിയവയെ സംബന്ധിച്ച മുഴുവന്‍ നിബന്ധനകളും പുനരവലോകനം നടത്തണം. ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സുരക്ഷയും) ബില്‍ 2014 ആഗസ്റ്റിലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ സംബന്ധിച്ച് വളരെ കുടുസ്സായ നിര്‍വചനമാണ് ബില്‍ നല്‍കുന്നതെന്നും പുനരധിവാസത്തെ സംബന്ധിച്ച് ആഗോളതലത്തില്‍ അംഗീകരിച്ചതും ശിപാര്‍ശ ചെയ്തതുമായ കാഴ്ചപ്പാടില്‍ നിന്നും നയത്തില്‍ നിന്നും വിഭിന്നമാണ് ബില്ലിലുള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉള്‍പ്പെടെയുള്ള പുനരധിവാസം 18 ാം വയസ്സോടെ അവസാനിച്ചുകൂട. കമ്മിറ്റി അറിയിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിന്, തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ സമയവും ശ്രദ്ധയുമുള്ള തരത്തില്‍ ചെയര്‍പേഴ്‌സണ്‍മാരെ മാറ്റേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് കമ്മിറ്റിക്കുള്ളത്. ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി ജില്ലാ കോടതിയില്‍ നിന്നോ സെഷന്‍ കോടതിയില്‍ നിന്നോ വിരമിച്ച ന്യായാധിപര്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.