ഇസില്‍ വീഡിയോ പുറത്തുവന്ന ശേഷം ഈജിപ്തില്‍ നിന്ന് പലായനം ചെയ്തത് 20,000ത്തിലധികം പേര്‍

Posted on: February 26, 2015 5:57 am | Last updated: February 25, 2015 at 10:57 pm

കൈറോ: ലിബിയയില്‍ നിന്ന് 20,000 ത്തിലധികം ഈജിപ്തുകാര്‍ പലായനം ചെയ്തതായി ഈജിപ്ഷ്യന്‍ അതിര്‍ത്തി സേനാവക്താവ്. കഴിഞ്ഞ ദിവസം 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ ഇസില്‍ തീവ്രവാദികള്‍ തലയറുത്ത് കൊന്നതായ വീഡിയോ പുറത്തുവന്നതിന് ശേഷമാണിത്. സംഭവത്തിന് ശേഷം തീവ്രവാദികള്‍ക്ക് വ്യോമാക്രമണ പരമ്പരയിലൂടെ തിരിച്ചടി നല്‍കാന്‍ ഈജിപ്ത് തീരുമാനിക്കുകയും തങ്ങളുടെ പൗരന്‍മാര്‍ വടക്കന്‍ ആഫ്രിക്കയിലേക്ക് അധികമായി യാത്രചെയ്യുന്നതിനെ വിലക്കുകയും ചെയ്തിരുന്നു.
‘വീഡിയോ പ്രചരിച്ചതിന്റെ പത്ത് ദിവസത്തിനകം ലിബിയയില്‍ നിന്ന് 2,000 ത്തിനും 3,000 ത്തിനും ഇടയില്‍ ഈജിപ്തുകാര്‍ ദിനംപ്രതി തിരിച്ചു വരുന്നുണ്ട്. നേരത്തെ 21 പേരെ തട്ടിക്കൊണ്ടുപോയ സിര്‍തെ നഗരത്തില്‍ നിന്നാണ് കൂടുതലാളുകളും മടങ്ങുന്നത്’- ഈജിപ്ത് ലിബിയയുമായി് അതിര്‍ത്തി പങ്കിടുന്ന സാല്ലാം ക്രോസിലെ സുരക്ഷാസൈനിക തലവന്‍ ഫൗസി നയാല്‍ വ്യക്തമാക്കി.