Connect with us

International

ബംഗ്ലാദേശില്‍ ഖാലിദ സിയക്ക് അറസ്റ്റ് വാറന്റ്‌

Published

|

Last Updated

ധാക്ക : ബംഗ്ലാദേശില്‍ പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് കോടതി അറസ്റ്റ് വാറന്റ് അയച്ചു. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണിത്. സിയക്കെതിരെ ധാക്കയിലെ അഴിമതി വിരുദ്ധ കോടതി ജഡ്ജി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സിയ ജനുവരി മുതല്‍ വീട്ടുതടങ്കലിലാണെന്ന് അവരുടെ അഭിഭാഷകന്‍ സനഹുല്ല മിആഹ് പറഞ്ഞു. രാജ്യത്ത് നീതി നടപ്പാകുന്നില്ലെന്നും തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2001-2006 കാലത്ത് പ്രധാനമന്ത്രിയായിരിക്കെ 650,000 ഡോളര്‍ അപഹരിച്ചുവെന്ന രണ്ട് കേസുകളാണ് സിയക്കെതിരെയുള്ളത്. ഇതില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചേക്കാം. പ്രധാനമന്ത്രി ശേഖ് ഹസീനയുടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അണികളോട് ഗതാഗത സ്തംഭന സമരത്തിന് ആഹ്വാനം ചെയ്ത സിയയെ ജനുവരി ആദ്യംമുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ അഴിമതിക്കേസുകള്‍ രാഷ്ട്രീയ പ്രേരിതവും തന്റെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുമാണെന്നാണ് സിയയുടെ നിലപാട്.

Latest