Connect with us

International

ഇസ്‌റാഈലിനെതിരെയുള്ള ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ മൊസാദ് ദക്ഷിണാഫ്രിക്കയെ ഭീഷണിപ്പെടുത്തി: രഹസ്യ രേഖ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസ്‌റാഈലിന്റെ മൊസാദ്, അമേരിക്കയുടെ സി ഐ എ, ബ്രിട്ടന്റെ എം 16, ദക്ഷിണാഫ്രിക്കയുടെ എസ് എ എസ് എസ് ചാരസംഘടനകളെ സംബന്ധിച്ചുള്ള കൂടുതല്‍ രഹസ്യ വിവരങ്ങള്‍ പുറത്തുവന്നു. ഇസ്‌റാഈലിനെതിരെ ശക്തിയാര്‍ജിച്ചുവന്നിരുന്ന ബഹിഷ്‌കരണ ക്യാമ്പയിന്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അതിശക്തമായ സൈബര്‍ ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ ചാര സംഘടന മൊസാദ് ഭീഷണിപ്പെടുത്തിയിരുന്നതായാണ് രഹസ്യ രേഖ. അക്കാലത്ത് ധനമന്ത്രിയായിരുന്ന പ്രവീണ്‍ ഗോര്‍ദാനാണ് ഭീഷണിക്കത്ത് ലഭിച്ചിരുന്നത്. 2012 ജൂണ്‍ 28ന് ലഭിച്ച സന്ദേശം അയച്ചിരുന്നത് ആരെന്ന് വ്യക്തമായിരുന്നില്ല. ഇസ്‌റാഈലിനെതിരെയുള്ള ബഹിഷ്‌കരണ നടപടികള്‍ അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ബേങ്കിംഗ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങളില്‍ സൈബര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പുറമെ ബഹിഷ്‌കരണ പരിപാടികളുമായി മുന്നോട്ടുപോയിരുന്ന ബോയ്‌കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാംഗ്ഷന്‍(ബി ഡി എസ്) സംഘത്തിന്റെ നേതാക്കളെ കണ്ടെത്തി കുറ്റവിചാരണ നടത്തണമെന്നും ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍. നേരത്തെ തന്നെ ഫലസ്തീനുമായി നല്ല ബന്ധത്തിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇതോടൊപ്പം വര്‍ണവിവേചന പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ അടുത്ത ആളാണ് ബഹിഷ്‌കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഈ രണ്ട് കാരണങ്ങളും മൂലം ബഹിഷ്‌കരണം അതിശക്തമായതാണ് മൊസാദിനെ ഇറക്കി ഇത് തകര്‍ക്കാന്‍ ഇസ്‌റാഈലിനെ അന്ന് നിര്‍ബന്ധിതരാക്കിയത്.
കഴിഞ്ഞ ദിവസം മുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചാരക്കഥകളുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ സംഘടനകളുടെ യഥാര്‍ഥ ചിത്രം പുറത്തുകാണിക്കുന്നതാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച ആയിരക്കണക്കിന് രേഖകള്‍ കഴിഞ്ഞ ദിവസം അല്‍ജസീറ പുറത്തുവിട്ടിരുന്നു. ഇറാന് ആണവായുധം നിര്‍മിക്കാനുള്ള ശേഷിയും താത്പര്യവും ഇല്ലെന്ന് നേരത്തെ തന്നെ നെതന്യാഹുവിന് അറിയാമായിരുന്നുവെന്നും ഇതോടൊപ്പം തന്നെയാണ് അദ്ദേഹം ഇറാനെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Latest