Connect with us

International

ഇറാഖിലും നൂറ് പേരെ ഇസില്‍ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ബഗ്ദാദ്: സിറിയയില്‍ 90 അസീറിയന്‍ ക്രിസ്ത്യാനികളെ ഇസില്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്തക്കു പിറകെ തീവ്രവാദികള്‍ ഇറാഖിലും ആളുകളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇറാഖില്‍ ഒന്‍പത് കുട്ടികളുള്‍പ്പെടെ നൂറിലധികം പേരെയാണ് തട്ടിക്കൊണ്ടുപോയത്. സദ്ദാം ഹുസൈന്റെ നാടായ തിക്‌രിത്തിന് അടുത്തുള്ള റുബൈദിയ ഗ്രാമത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 118 പേരെയും ഒന്‍പത് കുട്ടികളെയും മൂന്ന് ദിവസം മുമ്പ് ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും അതില്‍ 21 പേര്‍ മോചിതരായെന്നും ഇവിടുത്തെ ഒരു ഗോത്രത്തലവനെ ഉദ്ധരിച്ച് അല്‍ ജസീറ ചാനല്‍ അറിയിച്ചു. ഒന്‍പതും പത്തും വയസ്സുള്ള കുട്ടികള്‍ ഇപ്പോഴും മറ്റു മുതിര്‍ന്ന ബന്ദികള്‍ക്കൊപ്പം അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ്. തട്ടിക്കൊണ്ടുപോയവരില്‍ അധികവും ഇസിലിനോട് ഏറ്റുമുട്ടുന്നവരുടെ ബന്ധുക്കളും അല്‍ ഉബൈദ് ഗോത്രക്കാരുമാണെന്ന് ഗോത്രത്തലവനായ ശൈഖ് അന്‍വര്‍ അസ്സി അല്‍ ഉബൈദി പറഞ്ഞു.
പ്രത്യയശാസ്ത്രപരമായി ഇസിലിനെ എതിര്‍ക്കുന്ന സുന്നീ ഗോത്രത്തിന്റെ ഭാഗമായ ഇവര്‍ സുരക്ഷാ സൈനികരെ പിന്തുണക്കുന്നതിന് പ്രതികാരമായാണ് തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഇസിലിനെതിരെ പോരാടുന്ന ബന്ധുക്കളെ സമ്മര്‍ദത്തിലാക്കാനാണ് ഇസിലിന്റെ നടപടി. ഈ ഭാഗങ്ങളില്‍ ഫോണ്‍ സര്‍വീസ് വിച്ഛേദിക്കപ്പെട്ടതിനാലാണ് വാര്‍ത്ത പുറത്തറിയാന്‍ വൈകിയത്.
സിറിയയില്‍ കുര്‍ദ്് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് അസീറിയന്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ഇസില്‍ തീവ്രവാദികള്‍ 90 അസീറിയന്‍ ക്രിസ്ത്യാനികളെ തടവിലാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.