Connect with us

International

തീവ്രവാദം നേരിടുന്നതില്‍ ലോക നേതൃത്വം പരാജയപ്പെട്ടു: ആംനസ്റ്റി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസില്‍ പോലുള്ള തീവ്രവാദി സംഘങ്ങളെ നേരിടുന്നതില്‍ ലോക നേതാക്കള്‍ പരാജയപ്പെട്ടെന്നും ഇത് ലജ്ജാകരമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍. 2014 ഒരു ദുരന്ത വര്‍ഷമാണെന്നും സംഘടന വ്യക്തമാക്കി. 160 രാജ്യങ്ങളില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളെ കുറിച്ചുള്ള 415 പേജ് വരുന്ന റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്നലെ പുറത്തുവിട്ടു. തങ്ങളുടെ രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കുന്നത് തങ്ങളുടെ കഴിവിന് പുറത്താണെന്ന് ചില രാജ്യങ്ങളിലെ നേതാക്കള്‍ അഭിനയിക്കുകയാണ്. ലോകവ്യാപകമായി സായുധ സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ ലജ്ജാകരമാണ്. ജനങ്ങള്‍ അടിച്ചമര്‍ത്തലിനും ക്രൂരമായ ആക്രമണങ്ങള്‍ക്കും ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര ആയുധ വ്യാപാരത്തിന് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുന്ന, കഴിഞ്ഞ വര്‍ഷം മുതല്‍ നിലവില്‍ വന്ന കരാറിനോട് എല്ലാ രാജ്യങ്ങളും സഹകരിക്കണം. ഭീകരവാദികളുടെ കൈകളിലേക്കും ഇവര്‍ വാഴുന്ന രാജ്യങ്ങളിലേക്കും ആയുധം എത്തുന്നത് ഇതുവഴി തടയാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ വര്‍ഷവും ഇങ്ങനെ അരലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെടുന്നത്. ഇതിന് പുറമെ ലക്ഷക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുന്നു. നിരവധി പേര്‍ പീഡനങ്ങള്‍ക്ക് ഇരയാകുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്യുന്നു. ആയുധവ്യാപാര കരാറില്‍ ഇതിനകം അഞ്ച് രാജ്യങ്ങള്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയും ഇസ്‌റാഈലും ഇപ്പോഴും മുഖം തിരിക്കുകയാണ്. ചൈന, കാനഡ, റഷ്യ പോലുള്ള രാജ്യങ്ങളും പൂര്‍ണമായും സഹകരണത്തിന്റെ പാതയിലല്ല- ആംനസ്റ്റി മീഡിയ ഡയറക്ടര്‍ സൂസന്ന ഫ്‌ളോഡ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം പലായനം ചെയ്യേണ്ടിവന്ന ആളുകളുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പലായനം നടക്കുന്നത്. ഈ സാഹചര്യം തുടരുകയും ലോക നേതാക്കള്‍ നിസ്സംഗരാകുകയും ചെയ്താല്‍ ഈ വര്‍ഷം പലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിക്കും. വംശഹത്യ പോലുള്ള കുറ്റകൃത്യങ്ങള്‍ അരങ്ങേറുമ്പോള്‍ വീറ്റോ പവറുള്ള രാജ്യങ്ങള്‍ അവരുടെ ശക്തി പ്രയോഗിക്കണം. ഇതിന് പുറമെ മോര്‍ട്ടാര്‍, റോക്കറ്റ് പോലുള്ള ആയുധങ്ങളുടെ ഉപയോഗം കര്‍ശനമായും നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.