രാജ്യാന്താര ബോട്ട് ഷോ അടുത്തമാസം മൂന്നിന്

Posted on: February 25, 2015 8:00 pm | Last updated: February 25, 2015 at 8:16 pm

ദുബൈ: മിനാ സിയാഹി മറൈന്‍ ക്ലബില്‍ അടുത്തമാസം മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന ദുബൈ രാജ്യാന്താര ബോട്ട് ഷോയില്‍ വൈവിധ്യമാര്‍ന്ന ബോട്ടുകളുടെയും ചങ്ങാടങ്ങളുടെയും മറ്റു ജലയാനങ്ങളുടെയും വന്‍നിരയുമായി ലോകത്തിലെ പ്രമുഖ കമ്പനികള്‍ എത്തും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ മേളയില്‍ നൂറുകോടി ദിര്‍ഹം വിലമതിക്കുന്ന ബോട്ടുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. മൂന്നു മണി മുതല്‍ രാത്രി ഒന്‍പതര വരെയാണു പ്രവേശനം. 54 രാജ്യങ്ങളില്‍ നിന്നുള്ള 800 ലേറെ കമ്പനികള്‍ ബോട്ട് ഷോക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ ഖാജ, ദുബൈ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ് വൈസ് ചെയര്‍മാന്‍ ഡോ.ഖാലിദ് അല്‍ സാഹിദ് എന്നിവര്‍ പറഞ്ഞു. 120 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു.
പവര്‍ ബോട്ടുകള്‍, യോട്ടുകള്‍, കട്ടമരത്തിന്റെ ആധുനിക മാതൃകകള്‍ തുടങ്ങിയവ മേളയിലുണ്ടാകും. സ്‌പോര്‍ട്‌സ് ഫിഷിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, വാട്ടര്‍ ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയവക്കായി പ്രത്യേക വിഭാഗമുണ്ടായിരിക്കും.
സൂപ്പര്‍യോട്ടുകളുടെ നിര്‍മാണത്തില്‍ യു എ ഇക്ക് ലോകത്ത് ഒന്‍പതാം സ്ഥാനമാണുള്ളത്. നിലവില്‍ 15 പദ്ധതികള്‍ പുരോഗമിക്കുകയാണ്. മേളയില്‍ പ്രദേശിക-രാജ്യാന്തര കമ്പനികള്‍ പുതിയ പദ്ധതികളെക്കുറിച്ച് പ്രഖ്യാപനം നടത്തും. അല്‍ ഷാലി ഗ്രൂപ്പ് സി ഇ ഒ സുല്‍ത്താന്‍ അല്‍ ഷാലി, ആര്‍ട് മാരിടൈം സി ഇ ഒ ഗ്രിഗര്‍ സ്റ്റിന്നര്‍, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സി ലോമിര്‍മന്‍ഡ് എന്നിവരും പങ്കെടുത്തു.