Connect with us

Gulf

പുതിയ സാങ്കേതിക വിദ്യ; നിഘ്മ 8x8 രാജ്യത്തിന് സമര്‍പ്പിച്ചു

Published

|

Last Updated

അബുദാബി: ആധുനിക സാങ്കേതികവിദ്യയില്‍ യു എ ഇ പ്രതിരോധ വകുപ്പിന് വേണ്ടി യു എ യില്‍ നിര്‍മിച്ച നിഘ്മ 8×8 പ്രതിരോധ കവചിത വാഹനം യു എ ഇ സായുധസേനാ ഉപമേധാവിയും അബുദാബി കിരിടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറത്തിറക്കി. യു എ ഇ സൈന്യത്തിന് വേണ്ടി അബുദാബി മുസഫ്ഫയിലുള്ള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ഡിഫന്‍സ് ടെക്‌നോളജി (ഇ ഡി ടി) എന്ന കമ്പനിയാണ് നൂതനവിദ്യയില്‍ ഈ വാഹനം നിര്‍മിച്ചത്.
വെള്ളത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കുവാന്‍ കഴിയുന്ന ഈ വാഹനത്തില്‍ ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കാനുള്ള ബി എം ബി 3 എന്ന പേരിലുള്ള റഷ്യന്‍ നിര്‍മിത തോക്കും ഘടിപ്പിച്ചിട്ടുണ്ട്. എട്ട് പേര്‍ക്ക് പിറകിലും ഡ്രൈവര്‍ ഉള്‍പെടെ മൂന്ന് പേര്‍ക്ക് മുന്‍വശത്തും ഇരിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യു എ ഇ സൈന്യം നല്‍കിയ രൂപകല്‍പനയില്‍ നിര്‍മിച്ച വാഹനം അടുത്ത ദിവസം തന്നെ സൈന്യത്തിന് പരിശീലനത്തിനായി വിട്ടുനല്‍കുമെന്ന് ഇ ഡി ടി കോണ്‍ട്രാക്‌സ് മാനേജര്‍ പ്രവീണ്‍ കുര്യന്‍ വ്യക്തമാക്കി.
ഒന്നാം ഘട്ടത്തില്‍ തയ്യാറാക്കുന്ന വാഹനം യു എ ഇ സൈന്യത്തിനാണ് വിട്ടുനല്‍കുക. ഭാവിയില്‍ ഓര്‍ഡര്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി ടി ആദ്യമായല്ല കവചിത വാഹനം നിര്‍മിക്കുന്നത്. നിമര്‍ 4×4 , 6×6 എന്നീ വാഹനങ്ങള്‍ മുമ്പ് നിര്‍മിച്ചിട്ടുണ്ട്. 8×8 പൂര്‍ണമായും ഇ ഡി ടിയുടെ സാങ്കേതിക വിദഗ്ധരാണ് രൂപകല്‍പനയും സാങ്കേതികവിദ്യയും തയ്യാറാക്കിയതെന്നും വാഹനത്തിലുള്ളവര്‍ പൂര്‍ണമായും സുരക്ഷിതരായിരിക്കുമെന്നും ഗ്രൂപ്പ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജോയി സിറാജിനോട് പറഞ്ഞു.
സൈനിക രംഗത്ത് ഇത്രയും വിശാലമായ രീതിയില്‍ നിര്‍മിക്കുന്ന വാഹനം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ രംഗത്ത് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ യു എ ഇ സൈന്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ യു എ ഇ സൈനിക വിഭാഗം തലവന്‍മാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.

 

Latest