രാഹുല്‍ ഗാന്ധി ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സൂചന

Posted on: February 25, 2015 4:29 pm | Last updated: February 25, 2015 at 10:20 pm

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന താല്‍ക്കാലിക അവധിയില്‍ പ്രവേശിച്ച ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിലായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. ഇക്കാര്യത്തില്‍ അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ അവധിയെടുത്തത്. രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല നിഷേധിച്ചിരുന്നു. അദ്ദേഹം വിദേശത്താണെന്നും ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങുന്നതിന് മുന്നോടിയായുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2013 ജനുവരിയിലാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതാക്കള്‍ക്കിടയില്‍ അദ്ദേഹത്തോട് അതൃപ്തി ഉണ്ടാക്കിയിരുന്നു. എന്നാല്‍ 44 കാരനായ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു. 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ മാറുന്ന ഒഴിവിലേക്കാണ് മകനെ പരിഗണിക്കുന്നത്.