Connect with us

Wayanad

സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണം

Published

|

Last Updated

പനമരം: ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രണ്ടാം എം എസ് ഡി പി പ്രകാരം സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അഭിപ്രായപ്പെട്ടു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഹുതല വികസന പദ്ധതി -ബ്ലോക്ക്തല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ സമഗ്ര വികസനം ശാസ്ത്രീയമായി നടപ്പാക്കി വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നടപ്പാക്കുന്ന എം എസ് ഡി പി പദ്ധതിയുടെ ഒന്നാം ഘട്ടം മികച്ചതായിരുന്നുവെന്നും പദ്ധതികള്‍ രൂപീകരിച്ച് ഫലപ്രദമാക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും ഓറിയെന്റേഷന്‍ ക്ലാസ്സുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ രണ്ടാം ഘട്ട എംഎസ് ഡി പി പദ്ധതി നടപ്പാക്കുന്നതിന് 40 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എം എസ് ഡി പി പദ്ധതിയിലൂടെ കാപ്പിസെറ്റ്, കണിയാമ്പറ്റ, പനമരം, വാകേരി, പുല്‍പ്പള്ളി സി.എച്ച്.സി, നീര്‍വാരം സ്‌കൂള്‍ കെട്ടിടം, നെല്ലിയമ്പം, കമ്പളക്കാട്, ചീരാങ്കുന്ന്, പട്ടാണിക്കൂപ്പ് കുടിവെള്ള പദ്ധതികള്‍, സ്‌കില്‍ ഡവലപ്‌മെന്റ്, സ്‌പെഷ്യല്‍ ഹെല്‍ത്ത് പ്രൊജക്ട്, തുടങ്ങിയ 15 ഓളം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് പനമരം ബ്ലോക്ക് അധികൃതര്‍ ലക്ഷ്യമിടുന്നത്. എം എസ്ഡി പി ലക്ഷ്യവും നിര്‍വ്വഹണവും, പുനരാവിഷ്‌കൃത എം എസ്ഡി പിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എന്നീ വിഷയങ്ങളില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി നസീര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രൊജക്ട് ഓഫീസര്‍ ഡോ.റഹ്മത്തുള്ള എന്നിവര്‍ ക്ലാസെടുത്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ അധ്യക്ഷത വഹിച്ചു.

Latest