ദേശീയ പാതയിലെ രാത്രികാല ഗതാഗത നിരോധം: കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ജനകീയ സമര്‍ദം ശക്തമാകുന്നു

Posted on: February 25, 2015 10:44 am | Last updated: February 25, 2015 at 10:44 am

കല്‍പ്പറ്റ: ദേശീയപാത 212 ലേയും 67 ലേയും രാത്രിയാത്രാനിരോധം പിന്‍വലിപ്പിക്കാനായി കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ജനകീയ സമര്‍ദ്ദം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഗുണ്ടല്‍പേട്ടയില്‍ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രതിനിധികളുടെ യോഗം ചേര്‍ന്ന് കര്‍ണ്ടാടക, തമിഴ്‌നാട്, കേരള നാഷണല്‍ ഹൈവേ നൈറ്റ് ട്രാഫിക് പ്രൊട്ടക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി. ചാമരാജനഗര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.എസ്.നഞ്ചപ്പ ചെയര്‍മാനായും, കെ.നാഗേന്ദ്രന്‍ (ഗുണ്ടല്‍പേട്ട), എം.പാണ്ഡ്യരാജ് (ഗൂഡല്ലൂര്‍), അഡ്വ:ടി.എം.റഷീദ് (വയനാട്), പി.ടി.വര്‍ഗ്ഗീസ് (മസിനഗുഡി), കെ.വിജയന്‍ (ഊട്ടി), എന്നിവര്‍ കണ്‍വീനര്‍മാരായും താല്‍ക്കാലിക കമ്മറ്റിക്ക് രൂപം നല്‍കി. ആദ്യഘട്ടമായി കര്‍ണ്ണാടക മന്ത്രി എച്ച്.എസ്.മഹാദേവപ്രസാദ്, മുന്‍ തമിഴ്‌നാട് മന്ത്രിമാരായ എ.മില്ലര്‍, ആര്‍.രാമചന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍, ഗൂഡല്ലൂര്‍ എം.എല്‍.എ എ.ദ്രാവിഡമണി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനും മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. രാത്രിയാത്രാനിരോധം മൈസൂര്‍, ചാമരാജ്‌നഗര്‍ ജില്ലകളിലെ കാര്‍ഷിക, സാമ്പത്തിക മേഖലകളെ ഗുരുതരമായി ബാധിച്ചതായി യോഗത്തില്‍ സംസാരിച്ച കര്‍ണ്ണാടകയിലെ രാഷ്ട്രീയ, സാമൂഹിക, വാണിജ്യ രംഗത്ത് നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടി. മൂന്ന് സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ രാത്രിയാത്രാനിരോധനത്തിന് പരിഹാരമുണ്ടാക്കാം. വനത്തിലൂടെ പോകുന്ന ബദല്‍ റോഡ് ഭൂപടത്തില്‍ കൃത്രമം കാട്ടിയും, വാഹനമിടിച്ച് ചാവുന്ന മൃഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയും കര്‍ണ്ണാടക ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതില്‍ യോഗം പ്രതിഷേധിച്ചു.
മൈസൂറിലേയും, ഗുണ്ടല്‍പേട്ടയിലെയും കര്‍ഷകരാണ് രാത്രിയാത്രാനിരോധനം മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇപ്പോള്‍ വിളവെടുത്ത് ഒരു ദിവസം കഴിഞ്ഞ് മാത്രമേ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്നുള്ളൂ. ഇത് കൂടുതല്‍ കീടനാശിനികളുടെ ഉപയോഗത്തിനും കാരണമാകുന്നു. റോഡ് അടക്കുന്നതിന് മുമ്പായി എത്താനുള്ള തിരക്കില്‍ സന്ധ്യാസമയത്തെ വാഹനാപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. മൈസൂറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാത്രിയാത്രാനിരോധനം ബാധിച്ചിട്ടുണ്ട്. രാത്രിയാത്രാനിരോധനത്തിന് മുമ്പ് മലയാളികള്‍ കര്‍ണ്ണാടകയില്‍ വന്‍തോതില്‍ വ്യാവസായിക നിക്ഷേപം നടത്തിയിരുന്നു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചക്കും കാരണമായിരുന്നു. രാത്രിയാത്രാ നിരോധനത്തിനുശേഷം ഈ മേഖലയില്‍ വ്യാവസായിക-വാണിജ്യ മുരടിപ്പും ദൃശ്യമാണ്.
പരിസ്ഥിതിയുടെ പേരില്‍ ബന്ദിപ്പൂര്‍ വനത്തിന് അതിരിടുന്ന മൂന്ന് സംസ്ഥാനങ്ങളിലേയും വയനാട്, നീലഗിരി, മൈസൂര്‍, ചാമരാജ്‌നഗര്‍ ജില്ലകളിലെ ജനജീവിതം ദുസ്സഹമാക്കുന്ന ഉദേ്യാഗസ്ഥ-എന്‍.ജി.ഒ കൂട്ടുകെട്ടിനെതിരെ ജാഗ്രത പുലര്‍ത്താനും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താനും മൂന്ന് സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.
ഭാരവാഹികളെ കൂടാതെ മഹാദേവ നായക്, ശ്രീനിവാസ റാവു, ബോറെ ഗൗഡ, എസ്. ശിവബാസപ്പ, നാസര്‍ മച്ചാന്‍, അഡ്വ:പി.വേണുഗോപാല്‍, അനില്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, അരുണ്‍, അര്‍ജുന്‍ കലാധരന്‍, പ്രഭാകരന്‍ നായര്‍, എന്‍.വാസു, ലിയക്കത്ത് അലി, വി.എസ്.ഐസക്, ഷാജി ചെളിവയല്‍, കെ.പി.മുഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു.