Connect with us

Malappuram

കെ ബിജു മികച്ച ജില്ലാ കലക്ടര്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജുവിനെ തിരഞ്ഞെടുത്തു.

റവന്യൂദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെ ടി ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് കെ ബിജു അവാര്‍ഡ് ഏറ്റുവാങ്ങി. 2013 ജൂണ്‍ മൂന്നിന് ജില്ലാ കലക്ടറായി ചുമതലയേറ്റ ബിജുവിന് ജില്ലയില്‍ റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സ്വീകരിച്ച പുരോഗമനാത്മകമായ നടപടികള്‍ പരിഗണിച്ചാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ അവാര്‍ഡ് ലഭിച്ചത്.
സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇലക്‌ട്രോണിക് ഫയല്‍ മൂവ്‌മെന്റ് സിസ്റ്റം, പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് കലക്ടറേറ്റിലും ഡിവിഷനല്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര സെല്‍, സ്മാര്‍ട് വില്ലേജ് പദ്ധതി, ഓണ്‍ലൈന്‍ നാള്‍വഴി സിസ്റ്റം, ജില്ലാ സര്‍വീസ് പോര്‍ട്ടല്‍, ഇ-മണല്‍ പദ്ധതി തുടങ്ങിയവ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കി.
138 വില്ലേജുകളിലും ഏഴ് താലൂക്ക് ഓഫീസുകലിലും ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കി. ഓണ്‍ലൈനായി സംസ്ഥാനത്ത് ഏറ്റവുമധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. റവന്യൂ പിരിവില്‍ ജില്ല ഒന്നാം സ്ഥാനം നേടി. ഭൂനികുതി പിരിവ് 100 ശതമാനവും റവന്യൂ റിക്കവറി 84.1 ശതമാനവുമാണ്.
റവന്യൂ മന്ത്രി നടത്തിയ അദാലത്തില്‍ ലഭിച്ച 93,552 പരാതികളില്‍ 78,240 എണ്ണം തീര്‍പ്പാക്കി. ജില്ലയിലെ മുഴുവന്‍ വില്ലേജ്, താലൂക്ക്, റവന്യൂ ഡിവിഷനല്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം അടുത്ത മാസത്തോടെ നടപ്പാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ കെ ബിജുവിന് 2006 ലാണ് ഐ എ എസ്. ലഭിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍, കുട്ടനാട്- ഇടുക്കി പാക്കേജ് പ്രൊജക്ട് ഡയറക്ടര്‍, കെ എ എസ് സി മാനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, തിരുവനന്തപുരം സബ് കലക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടിയുടെ മകനാണ്. ഭാര്യ: അമൃത, മക്കള്‍: റിഷാന്‍ ബിജു, ഇവാന്‍ ബിജു.

Latest