Connect with us

Malappuram

കാലിക്കറ്റ് സര്‍വകലാശാലയില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ കെ എസ് യു-എസ് എഫ് ഐ സംഘര്‍ഷം. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ ആറു പേര്‍ക്ക് മര്‍ദനമേറ്റു.

സെനറ്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണു ആക്രമണം. സെനറ്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, കോഴിക്കോട് കെ എസ് യു ജില്ലാ സെക്രട്ടറി ദുല്‍ഫിക്കര്‍, മലപ്പുറം ജില്ലാ സെക്രട്ടറി പി റംഷാദ്, കോഴിക്കോട് ചെളന്നൂര്‍ എസ് എന്‍ കോളജിലെ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ അഭിനന്ദ്, അലിമോന്‍ തടത്തില്‍, വി ഷിനോജ് എന്നീ കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് എസ് എഫ് ഐയുടെ മര്‍ദനമേറ്റത്. അഭിനന്ദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെനറ്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കാറില്‍ മടങ്ങിയ അഭിനന്ദും റിയാസ് മുക്കോളിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സെനറ്റ് തിരഞ്ഞെടുപ്പില്‍ ചേളന്നൂര്‍ എസ് എന്‍ കോളജിലെ യു യു സി അഭിനന്ദ് കെ എസ് യുവിന് അനുകൂലമായി വോട്ടു ചെയ്തതാണ് ആക്രണ കാരണമെന്ന് കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. നേരത്തെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഭിനന്ദ് എസ് എഫ് ഐക്ക് എതിരായി വോട്ടു ചെയ്തതാണ് എസ് എഫ് ഐക്കാരെ ചൊടിപ്പിച്ചത്. കാറില്‍ സഞ്ചരിച്ച റിസാസ് മുക്കോളി, അലിമോന്‍ തടത്തില്‍, അഭിനന്ദ് എന്നിവരെ പിന്നിലും മുന്നിലും ബൈക്ക് നിര്‍ത്തി തടയുകയായിരുന്നു.
ഇവരെ പുറത്തിറക്കി ഇരുപത്തിയഞ്ചിലധികം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു ആക്രമിച്ചുവെന്ന് കെ എസ് യു നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി സമാന സംഭവം പുരുഷ ഹോസ്റ്റലിലും നടന്നിട്ടുണ്ട്.
കെ എസ് യു-എം എസ് എഫ് ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി ആരോപണമുണ്ട്. സെനറ്റില്‍ ഒഴിവുള്ള പത്ത് സ്ഥാനങ്ങളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. പൊതുവെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലാണ് ക്യാമ്പസിലെ ലൈബ്രറിക്ക് മുന്നിലുള്ള റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നു നടക്കും.

Latest