മുയലുകള്‍ ചത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Posted on: February 25, 2015 10:37 am | Last updated: February 25, 2015 at 10:37 am

മഞ്ചേരി: കാലഹരണപ്പെട്ട തീറ്റ അകത്തുചെന്ന് 74 മുയലുകള്‍ ചത്ത സംഭവത്തില്‍ കാലിതീറ്റ കമ്പനി 95,240 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ മരുതുംകുഴി വീട്ടില്‍ ഉണ്ണിപ്പെരവന്‍ നല്‍കിയ പരാതിയിലാണ് എറണാംകുളം ആലുവ കാലടി ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ്, ഗോദ്‌റെജ് അനിമല്‍ ഫീഡ്‌സ്, കോയമ്പത്തൂര്‍ കലംപാളയം ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ കോടതി വിധി.

2010 ഫെബ്രുവരി 12നാണ് സംഭവം. അയ്യായിരം രൂപക്കാണ് പരാതിക്കാരന്‍ പത്തു ചാക്ക് മുയല്‍ത്തീറ്റ വാങ്ങിയത്. ഇതു ഭക്ഷിച്ച മുയലുകള്‍ക്ക് വയറിളക്കം ബാധിക്കുകയായിരുന്നു. ഉടന്‍ വെറ്ററിനറി ഡോകടറെ കാണിച്ചെങ്കിലും മുയലുകള്‍ ഓരോന്നായി ചത്തു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തീറ്റ ചാക്കുകളില്‍ ഉല്‍പ്പാദന തീയ്യതി 20-01-2001 എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. എട്ടു വര്‍ഷത്തിലധിക പഴക്കമുള്ള തീറ്റയുടെ എക്‌സ്പയറി തീയ്യതി രേഖപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ജഡ്ജി കെ മുഹമ്മദാലി, അംഗങ്ങളായ മദനവല്ലി, മിനിമാത്യു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
തീറ്റ, മുയലുകള്‍ എന്നിവയുടെ വിലയായി 60,240 രൂപ, പരാതിക്കാരനുണ്ടായ മാനസിക സമ്മര്‍ദ്ദത്തിന് 25000 രൂപ, കോടതി ചെലവിലേക്ക് 10000 രൂപ എന്നിങ്ങനെയാണ് വിധി.
സ്‌കൂള്‍ ലൈബ്രറി
നിറച്ചു
കോട്ടക്കല്‍: ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ ലൈബ്രറി നിറച്ചു. വില്ലൂര്‍ എ എം എല്‍ പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പദ്ധതി. ഉദ്ഘാടന ഭാഗമായി വലിയപറമ്പില്‍ നിന്നും തനത് കാലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര നടത്തി. സാംസ്‌കാരി സമ്മേളനത്തിന്റെ ഉദ്ഘാടനം പവിത്രന്‍ തീകുനി ഉദ്ഘാടനം ചെയ്തു. ജി കെ റാംമോഹന്‍ മുഖ്യാതിഥിയായിരുന്നു. പി എം ഖൈറുന്നിസ അധ്യക്ഷത വഹിച്ചു.