Connect with us

Malappuram

റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയോടെ അങ്ങാടിപ്പുറം സ്റ്റേഷന്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്റെ വികസന മുരടിപ്പിന് ഫലവത്തായ ഗുണം നാളത്തെ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയേകുന്നു. ക്ഷേത്രനഗരമായ അങ്ങാടിപ്പുറത്തിന്റെയും ആതുരാലയമായ പെരിന്തല്‍മണ്ണയുടെയും ഇടയിലുള്ള ഈ സ്റ്റേഷന്‍ ഈ പാതയിലെ മര്‍മ്മപ്രധാനമായ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ്.
ഇന്നത്തെ തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് അടക്കം രണ്ട് ഭാഗത്തേക്കുംകൂടി 14 ട്രെയിനുകള്‍ സര്‍വീസ് നടത്തി വരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി നൂറുകണക്കിന് യാത്രക്കാര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കായി അങ്ങാടിപ്പുറത്ത് ഇറങ്ങുന്നു. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ വേറെയും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ ട്രെയിനുകളുടെ ക്രോസിംഗ് നടത്തുന്നത് ഈ സ്റ്റേഷനിലാണ്. അതുകൊണ്ട് തന്നെ ഒരേ സമയം ട്രെയിനുകളെത്തും. പ്ലാറ്റ്‌ഫോമിന് മേല്‍കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളേണ്ടി വരുന്നു.
ഇന്നും രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല മേല്‍കൂരയുമായില്ല. കാര്യമായിട്ട് അങ്ങാടിപ്പുറം എന്നെഴുതിയ രണ്ട് ബോര്‍ഡുകള്‍ ഈയിടെയായി സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊന്നും ആയിട്ടില്ല. കുറച്ച് സൗകര്യമുള്ളത് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ്. അതുകൊണ്ട്തന്നെ ട്രെയിന്‍ വന്നെങ്കിലേ യാത്രക്കാര്‍ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നുള്ളൂ. ചിലപ്പോള്‍ ഇത് അപകടത്തിനിടവരുത്തുന്നുണ്ട്. അടിയന്തരമായി പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിക്കാനുള്ള മേല്‍പാലം ആവശ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി. സ്റ്റേഷനില്‍ നിന്നും റോഡിലേക്കുള്ള അപ്രോച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലുംകൂടി ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മുഴുവന്‍ വരുമാനത്തിന്റെ ഒരു വലിയ പങ്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണം പാതി വഴിയില്‍ നിലച്ചിരിക്കുന്നു. നിലവിലുള്ള കെട്ടിടം പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ്. കാലപ്പഴക്കവും മതിയായ സുരക്ഷിതവുമില്ലാത്ത കെട്ടിടത്തില്‍ വേണം ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകള്‍ പോലും സൂക്ഷിക്കാന്‍. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നാമമാത്രമായ സൗകര്യമാണുള്ളത്. യാത്രക്കാരില്‍ പലരും പാര്‍ക്കിംഗിന് തൊട്ടടുത്തുള്ള വീട്ടുകാരെ സമീപിക്കുകയാണ്. നവീകരിച്ച മേല്‍കൂര, അവയെ ബന്ധിപ്പിക്കുന്ന മേല്‍പാലം, ജീവനക്കാരുടെ കുറവ് പരിഹരിക്കല്‍, സുരക്ഷിതമുള്ള കെട്ടിടം, വൈദ്യുതി, ശുദ്ധജലം, ക്യൂ നില്‍ക്കാന്‍ സൗകര്യം, യാത്രക്കാര്‍ക്ക് വിശ്രമമുറി, ഇരിപ്പിട സൗകര്യം, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവ അടിയന്തിരമായി ചെയ്യേണ്ടവയില്‍ പ്രധാനമാണ്. റെയില്‍വേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മാര്‍ഗമുണ്ടാക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.
രാജ്യറാണി
സ്വതന്ത്ര ട്രെയിനാക്കണം
പെരിന്തല്‍മണ്ണ: വര്‍ഷങ്ങള്‍ പിന്നിട്ട നിലമ്പൂര്‍-ഷൊര്‍ണൂര്‍ രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കി ഈ ബജറ്റിലെങ്കിലും പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍. നിലമ്പൂര്‍-ഷൊര്‍ണൂര്‍ രാജ്യറാണി എക്‌സ്പ്രസ് കൂടുതല്‍ കോച്ചുകളോടെ പ്രത്യേക ട്രെയിനായി സര്‍വീസ് നടത്തണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടതായിരുന്നു. യാത്രക്കാരുടെ വര്‍ധിച്ച് വരുന്ന തിരക്ക് കാരണം ഒരു മാസം മുമ്പ് പോലും റിസര്‍വേഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലസ്ഥാന നഗരിയിലേക്കുള്ള യാത്രക്ക് രാജ്യറാണി ഇന്ന് വളരെ സൗകര്യപ്രദമാണ്.
തിരുവനന്തപുരം ശ്രീചിത്തര, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങിയാശുപത്രികളിലേക്കുള്ള നിരവധി രോഗികള്‍ ഈ ട്രെയ്‌നിനെയാണ് ആശ്രയിക്കുന്നത്. അമൃത എക്‌സ്പ്രസുമായി ലിങ്ക് ചെയ്തുകൊണ്ട് വിരലിലെണ്ണാവുന്ന എട്ട് ബോഗികള്‍ മാത്രമുള്ള നിലവിലെ സര്‍വീസ് തീരെ അപര്യാപ്തമാണ്. രാജ്യറാണിക്കായി അനുവദിച്ച പുതിയ ബോഗികളില്‍ പലതും മറ്റു ട്രെയിനുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതായി ആക്ഷേപം നിലവിലുണ്ട്. കൂടുതല്‍ ബോഗികളോടെ സ്വതന്ത്രമായ സര്‍വീസ് ആരംഭിക്കാനുള്ള പ്രഖ്യാപനവും കാത്തിരിക്കുകയാണ് യാത്രക്കാര്‍.

Latest