Connect with us

Kozhikode

തൂണേരി അക്രമം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും- കലക്ടര്‍

Published

|

Last Updated

നാദാപുരം: ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വെള്ളൂര്‍, കോടഞ്ചേരി പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ തകര്‍ത്ത വീടുകളുടെ പുനരധിവാസ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് ജില്ല കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്റെ വീടും വെള്ളൂര്‍, കോടഞ്ചേരി പ്രദേശങ്ങളില്‍ അക്രമത്തിനിരയായ വീടുകളും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് സമാധാനം കാത്തുസൂക്ഷിക്കുന്നതിനും പുനരധിവാസം വേഗത്തിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സമിതി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇതിന് ആവശ്യമായ തുക അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി അറിയിച്ചിട്ടുണ്ടെന്നും കാലതാമസമില്ലാതെ ഫണ്ട് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളെ തുടര്‍ന്ന് വീടുവിട്ടുപോയവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ വേണ്ടത് ചെയ്യും.
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം രേഖകള്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. മലിനമായ കിണറുകളുടെ ശുചീകരണം നടന്നുവരികയാണ്.
അക്രമിക്കപ്പെട്ട വീടുകളില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനക്കെതിരെ കലക്ടറുടെ മുന്നില്‍ വീട്ടുകാര്‍ പരാതിപ്പെട്ടു. തീപ്പിടിത്തത്തില്‍ നശിച്ച സാധന സാമഗ്രികള്‍ പുനര്‍ ഉപയോഗത്തിന് പറ്റാവുന്ന കൂട്ടത്തില്‍ പെടുത്തിയതായി വീട്ടുകാര്‍ ആരോപിച്ചു. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ട മുഴുവന്‍പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കലക്ടര്‍ പറഞ്ഞു. സബ് കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്, വടകര തഹസില്‍ദാര്‍ എം എന്‍ പ്രേംരാജ്, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പി കെ സുജാത, നാദാപുരം ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, നാദാപുരം സി ഐ. എം എസ് സുരേഷ് കുമാര്‍ എന്നിവര്‍ കലക്ടറോടൊപ്പമുണ്ടായിരുന്നു. ചുമതലയേറ്റ് പിറ്റേ ദിവസം തന്നെ അക്രമ സ്ഥലത്തെത്തിയ കലക്ടറോട്, പഴയ കലക്ടര്‍ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും നാട്ടുകാര്‍ പറഞ്ഞു. സമാധാനത്തിന് എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

Latest