Connect with us

Kozhikode

തണല്‍ ഡയാലിസിസ് സെന്റര്‍ സാമ്പത്തിക പ്രതിസന്ധിയില്‍

Published

|

Last Updated

വടകര: വൃക്ക രോഗികള്‍ക്ക് ആശ്വാസമായി മാറിയ വടകര തണലിന്റെ കീഴിലുള്ള ഡയാലിസിസ് സെന്റര്‍ അഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. 2011ല്‍ പത്ത് ഡയാലിസിസ് മെഷീനുകളുമായി പ്രവര്‍ത്തനം ആരംഭിച്ച തണലില്‍ ഇപ്പോള്‍ 52 മെഷീനുകളോടെ ദിനംപ്രതി 150 പേര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന സൗകര്യങ്ങളുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ കാലയളവില്‍ രണ്ട് ലക്ഷത്തില്‍പ്പരം ഡയാലിസിസ് ചെയ്യാന്‍ കഴിഞ്ഞു. ആയിരം രൂപ മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപ വരെ ഡയാലിസിസിന് സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കി വരുമ്പോള്‍ തണലില്‍ 100 രൂപ മാത്രമാണ് വാങ്ങുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യം ഫണ്ടില്‍ നിന്നും ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ വരെ ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു. ഈ തുകയില്‍ നിന്നും 650 രൂപയാണ് തണലിലേക്ക് ലഭിച്ചുകൊണ്ടിരുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും വിധം കണ്ണീരൊപ്പാന്‍ കനിവിന്റെ കൈത്താങ്ങ് എന്ന മുദ്രാവാക്യവുമായി മൂന്ന് കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു. കടകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, സാധ്യമായ മറ്റിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മെയ് ഒമ്പത്, പത്ത് തീയതികളില്‍ ഫണ്ട് സമാഹരിക്കും. വൃക്ക രോഗികളെ മുന്‍കൂട്ടി കണ്ടെത്താന്‍ മുന്‍കരുതലെടുക്കാനുമായി ബോധവത്കരണ ക്യാമ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നുവരികയാണ്.
അഗതി മന്ദിരം, ഫിസിയോ തെറാപ്പി സെന്റര്‍, സംസാര വൈകല്യത്തിന് സ്പീച്ച് തെറാപ്പി സെന്റര്‍, ഹോം കെയര്‍ യൂനിറ്റ്, പാലിയേറ്റീവ് ഒ പി വിഭാഗം, മാനസിക രോഗികള്‍ക്കായുള്ള പ്രത്യേക ഒ പി, യാത്രാ സൗകര്യം, സ്‌പെഷ്യല്‍ സ്‌കൂള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് ഭക്ഷ്യ വിതരണം എന്നിവയും തണലിന്റെ സേവന പ്രവര്‍ത്തനങ്ങളാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഇദ്‌രീസ് എടക്കലപ്പുറത്ത് അബൂബക്കര്‍, വയലോളി അബ്ദുല്ല, ടി ഐ നാസര്‍, പി മസ്സാഹിര്‍ പങ്കെടുത്തു.

Latest