Connect with us

Kozhikode

ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

Published

|

Last Updated

നാദാപുരം: സര്‍വകക്ഷി സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതിനിടയില്‍ നാദാപുരം മേഖലയില്‍ ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നാദാപുരം, പേരോട് ടൗണ്‍ പരിസരങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. പേരോട് ടൗണിലെ കോറോത്ത് മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടിവ സ്‌കൂട്ടറാണ് ആദ്യം നശിപ്പിച്ചത്. മുറ്റത്ത് നിന്ന് തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാര്‍ തീ അണക്കാനായി വാട്ടര്‍ പൈപ്പ് തുറന്നെങ്കിലും അക്രമികള്‍ അത് തകര്‍ത്ത നിലയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവിടേക്ക് എത്തിയെങ്കിലും മൊയ്തുവിന്റെ വീട്ടുപരിസരത്ത് നിന്ന് ആറംഗ സംഘം ഓടിമറയുന്നത് കണ്ടെന്ന് പറയുന്നു.
ഈ സംഭവത്തിന് തൊട്ട് പിന്നാലെ പാറക്കടവ് റോഡില്‍ കുളിര്‍മാവില്‍ നിഷാന്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചു. രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ റോഡില്‍കൂടി പോകുകയായിരുന്ന ബൈക്ക് യാത്രക്കാര്‍ വീട്ടുമുറ്റത്ത് തീ പടരുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബൈക്ക് കത്തിയതിന്റെ ചൂടേറ്റ് വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു.
നാദാപുരം ഡി വൈ എസ് പി. പ്രജീഷ് തോട്ടത്തില്‍, സി ഐ. എ എസ് സുരേഷ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച പേരോട് ടൗണ്‍ പരിസരത്തെ പുന്നോളി താഴെകുനി വിപിന്റെ ബൈക്ക് അഗ്നിക്കിരയാക്കിയിരുന്നു. മേഖലയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പോലീസും നാട്ടുകാരും സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് രാത്രി കാവല്‍ നില്‍ക്കുമ്പോഴാണ് വീണ്ടും തീവെപ്പ്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Latest