വീട് നിര്‍മാണാനുമതിയുടെ മറവില്‍ കുന്നിടിച്ച് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on: February 25, 2015 10:30 am | Last updated: February 25, 2015 at 10:30 am

കൊടുവള്ളി: മാര്‍ക്കറ്റ് റോഡിന് സമീപം റീസര്‍വേ 68/12ല്‍ പെട്ട ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതിന്റെ മറവില്‍ കുന്നിടിച്ച് മണ്ണ് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഒരാഴ്ചയോളമായി എസ്‌കവേറ്റര്‍ ഉപയോഗിച്ച് രാത്രിയിലും പകലുമായി മണ്ണ് നീക്കം ചെയ്ത് വരികയായിരുന്നു. മണ്ണ് നീക്കം ചെയ്യുന്നത് പരിസരത്തെ അഞ്ചോളം വീടുകള്‍ക്ക് ഭീഷണിയാകുകയും കിണറുകളിലെ ജലവിതാനം താഴാനും കാരണമാക്കിയതാണ് മണ്ണെടുപ്പ് തടയാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.2014 ഒക്‌ടോബര്‍ 15ന് 125/2014-15 നമ്പര്‍ പ്രകാരം കിഴക്കോത്ത് എം മുഹമ്മദ് എന്ന വ്യക്തിക്ക് കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ നിന്ന് അനുവദിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് പ്രകാരം പ്രസ്തുത സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
2015 ജനുവരി 13ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലം പരിശോധിക്കുകയും ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ 1200 ക്യൂബിക് മീറ്റര്‍ സാധാരണ മണ്ണ് നീക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മറവിലാണ് പ്രദേശത്തെ ഭൂമിയിലെ കുന്നുകള്‍ മുഴുവന്‍ ഇടിച്ച് നിരത്തുകയും തറ ഭൂമിയേക്കാള്‍ ആഴത്തില്‍ താഴ്ത്തുകയും ചെയ്തത്. ഇതോടെ വീടുകള്‍ക്ക് അപകട ഭീഷണി നേരിട്ടതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. കെട്ടിട നിര്‍മാണ ആവശ്യം മുന്‍നിര്‍ത്തി ഭൂമിയില്‍ നിന്ന് ഇത്രയധികം മണ്ണ് നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് കൊടുവള്ളി വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണ് ഖനനം സംബന്ധിച്ച് താമരശ്ശേരി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വില്ലേജ് ഓഫീസര്‍ പറഞ്ഞു.