Connect with us

Sports

ജമൈക്കന്‍ സിംഹം ഇങ്ങനെയാണ്...

Published

|

Last Updated

കാന്‍ബറ മനുക്ക ഓവലിലെ പിച്ചിലേക്ക് ബാറ്റുമായി ക്രിസ് ഗെയില്‍ വരുമ്പോള്‍ പതിവ് അഗ്രസീവ് ഇല്ലായിരുന്നു. വിമര്‍ശകര്‍ക്ക് കൂറ്റനടികളിലൂടെ മറുപടി കൊടുത്തു ശീലമുള്ള ഗെയില്‍ പതിയെ ക്രീസില്‍ നിലയുറപ്പിക്കുന്ന കാഴ്ച. ഇടക്കൊന്ന് കാച്ചും. പിന്നെ വീണ്ടും ശാന്തത. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഗെയില്‍ തിരഞ്ഞെടുക്കാറ് സിക്‌സറോ ഫോറോ ആയിരുന്നു. ഇന്നലെ പക്ഷേ, സിംഗിളെടുത്ത് പതിയെ സെഞ്ച്വറി ആഘോഷത്തിലേക്ക്. 51 പന്തിലായിരുന്നു ഗെയിലിന്റെ ഫിഫ്റ്റി. സെഞ്ച്വറി 105 പന്തിലും. നൂറ് തികയ്ക്കാന്‍ ആറ് സിക്‌സറുകളെ മാത്രമാണ് ഗെയില്‍ കൂട്ടുപിടിച്ചത്.
എന്നാല്‍, അടുത്ത ശതകത്തിലേക്ക് ഗെയിലെടുത്തത് 33 പന്തുകള്‍. പത്ത് സിക്‌സറുകള്‍, നാല് ഫോറുകള്‍ രണ്ടാം ശതകത്തിന് വേഗമേറ്റി. 126 പന്തിലാണ്‍ 150 റണ്‍സ് തികച്ചത്. അവസാന അര്‍ധസെഞ്ച്വറിയിലേക്ക് ഗെയില്‍ ചെലവഴിച്ചത് ആകെ പന്ത്രണ്ട് പന്തുകള്‍. ഈ ഘട്ടത്തിലായിരുന്നു ശരിക്കും ഗെയില്‍ കൊടുങ്കാറ്റ് !
വിമര്‍ശങ്ങളുടെയും പരിഹാസങ്ങളുടെയും അകമ്പടിയോടെയാണ് ഗെയ്ല്‍ ലോകകപ്പിനെത്തിയത്. ഗെയിലിന് വിരമിക്കാന്‍ നമുക്കൊരു പാക്കേജ് വെക്കാം എന്നായിരുന്നു വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഡേവ് കാമറൂണിന്റെ പരിഹാസം. പഴയ പ്രതാപത്തില്‍ കഴിയുന്ന ഗെയ്ല്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ്. അയാളിനി വിരമിക്കുന്നതാണ് നല്ലതെന്ന് കാമറൂണ്‍ ട്വീറ്റ് ചെയ്തു.
കാമറൂണിന്റെ പരിഹാസത്തിന് കാരണമുണ്ടായിരുന്നു. ലോകകപ്പിന് മുന്‍പ് തുടര്‍ച്ചയായ എട്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ച്വറി പോലും നേടാനായില്ല. ഒരു സെഞ്ച്വറി നേടിയിട്ട് 20 മത്സരമായി. ലോകകപ്പിലെ ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 65 പന്തില്‍ നിന്ന് 36 ഉം പാകിസ്ഥാനെതിരെ 14 പന്തില്‍ നിന്ന് നാല് റണ്‍സുമായി ഫോം നഷ്ടം പ്രകടമാക്കി. എന്നാല്‍, ടീം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ തന്റെ വജ്രായുധത്തെ പിന്തുണച്ചു. ക്രിസ് ഗെയില്‍ ഉണര്‍ന്നുകഴിഞ്ഞു. സിംബാബ്‌വെക്കെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹോള്‍ഡര്‍ ഇതു പറഞ്ഞത് വെറുംവാക്കാണെന്ന് ധരിച്ചവര്‍ക്ക് ഇപ്പോള്‍ കാര്യം പിടികിട്ടിക്കാണും.
ഗെയില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നത്, ടീമിലെ സഹതാരങ്ങളുടെ ശബ്ദമാകുന്നതു കൊണ്ടാണ്. വേതനവര്‍ധനവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്വെയിന്‍ ബ്രാവോയെ ടീമില്‍ നിന്ന് പുറത്താക്കിയ ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഏക താരമാണ് ഗെയില്‍.

Latest