അസ്‌നക്ക് മൈക്രോ വാസ്‌കുലര്‍ ശസ്ത്രക്രിയ

Posted on: February 25, 2015 5:32 am | Last updated: February 25, 2015 at 12:32 am

കൊച്ചി: 14 വര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട അസ്‌ന(19)ക്ക് മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ നടത്തും. പ്രായം വര്‍ധിച്ചതോടെ കൃത്രിമ കാല്‍ പാകമാകാതെ വന്നതിനെ തുടര്‍ന്ന് ഇന്നലെ പരിശോധനക്കായി കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിയിരുന്നു അസ്‌ന. വിശദമായ പരിശോധനക്കുശേഷം കഴിയുമെങ്കില്‍ മാര്‍ച്ചില്‍ തന്നെ മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രിയിലെ പഌസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ആര്‍ ജയകുമാര്‍ പറഞ്ഞു. 14 വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് ചെറുവാഞ്ചേരി പൂവത്തൂര്‍ സ്വദേശിയായ ഒന്നാം ക്ലാസുകാരി അസ്‌ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനിരയായത്. തുടര്‍ന്ന് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ രണ്ട് വര്‍ഷത്തോളം നീണ്ട കിടത്തി ചികിത്സക്കുശേഷമാണ് കൃത്രിമ കാലില്‍ നില്‍ക്കാന്‍ അവള്‍ പ്രാപ്തി നേടിയത്. കൂലിപ്പണിക്കാരനായ നാണുവിനും അമ്മ ശാന്തക്കും അനുജന്‍ ആനന്ദിനും ബോംബേറില്‍ പരിക്കുപറ്റിയിരുന്നു.