68 പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍

Posted on: February 25, 2015 4:31 am | Last updated: February 25, 2015 at 12:31 am

തിരുവനന്തപുരം: കേരളത്തിലെ, ഹോമിയോ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത 68 പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി വിഭാഗങ്ങളിലായി സംസ്ഥാനത്ത് ജോലി ചെയ്യുന്ന 750 എന്‍ എച്ച് എം ആയുഷ് ഡോക്ടര്‍മാരുടെ ശമ്പളം പത്ത് ശതമാനം വര്‍ധിപ്പിക്കുന്നതിനും നടപടി കൈക്കൊള്ളും. തിരുവനന്തപുരത്ത്, ആയുഷ് ഡോക്ടര്‍മാരുടെ സംസ്ഥാനതല തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പുതിയ പഞ്ചായത്തുകള്‍കൂടി നിലവില്‍വന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 33 ഹോമിയോ ആശുപത്രികളും 1123 ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്. അമ്മയും കുഞ്ഞും എന്ന പേരിലുള്ള ഹോമിയോ വന്ധ്യതാ ചികിത്സാ പദ്ധതി കണ്ണൂരില്‍ വന്‍ വിജയമായ സാഹചര്യത്തില്‍ അത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും. രാജ്യത്തിനൊട്ടാകെ മാതൃകയാക്കാവുന്ന പദ്ധതിയാണ് അമ്മയും കുഞ്ഞുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഹോമിയോ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കുന്നതിന്, ഹോംകോ (കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ- ഓപറേറ്റീവ് ഫാര്‍മസി) യുടെ ഔഷധ നിര്‍മാണകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ ടി ജോര്‍ജ് എം എല്‍ എ, ഹോമിയോവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജമുന, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജി എസ് ബാലചന്ദ്രന്‍ നായര്‍, ഡോ. പി ഹരിദാസ്, എന്‍ എച്ച് എം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് എച്ച് ആര്‍ മാനേജര്‍ പി കെ ഹരികൃഷ്ണന്‍ പങ്കെടുത്തു.