ശീതക്കാറ്റ്: ടെക്‌സാസില്‍ 1,300ലധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു

Posted on: February 25, 2015 5:28 am | Last updated: February 25, 2015 at 12:29 am

ഡല്ലാസ്: ടെക്‌സാസിലും അയല്‍ സംസ്ഥാനങ്ങളിലും അപകടം വിതച്ച ശീതക്കാറ്റ് ആയിരക്കണക്കിനാളുകളെ ബാധിച്ചു. ശീതക്കാറ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ട്രാഫിക് അപകടങ്ങളുണ്ടായി. ഇതിന് പുറമെ 1,300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു.
ദേശീയ കാലാവസ്ഥാ നിരീക്ഷകര്‍ ഡല്ലാസ്, ദക്ഷിണ ഒക്‌ലഹോമ, പടിഞ്ഞാറന്‍ അര്‍ക്കന്‍സാസ് എന്നിവ ഉള്‍പ്പെട്ട വടക്കന്‍ ടെക്‌സാസിന്റെ ഏറിയ ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ശക്തമായ തണുപ്പുള്ള കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മരവിപ്പിക്കുന്ന മഴയും മൂലം ഹൈേവകളെല്ലാം ഐസ് പാളികള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. യാത്രക്കാരോട് റോഡിലിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രധാന കേന്ദ്രവുമായ ഡല്ലയിലെ ഫോര്‍ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതക്കൊടുങ്കാറ്റ് കാരണം ആയിരത്തിലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി.
ടെന്നസീയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കനത്ത തണുപ്പില്‍ ചുരുങ്ങിയത് 22 ആളുകള്‍ മരിച്ചതായി യു എസ് എമര്‍ജന്‍സി ഏജന്‍സി പറഞ്ഞു. ഡല്ലയിലെയും ഫോര്‍ട് വര്‍ത്തിലെയും ചുറ്റുപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്കെല്ലാം തിങ്കളാഴ്ച അവധി നല്‍കി. അതേ സമയം ഇവിടങ്ങളിലെ ഹൈവേകളിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണെന്നും ഐസ് നിറഞ്ഞ മരങ്ങള്‍ വൈദ്യുതി ലൈനുകളിലേക്ക് വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു.