Connect with us

Articles

താജുല്‍ ഉലമ നഗര്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത്

Published

|

Last Updated

എസ് വൈ എസ് 60-ാം വാര്‍ഷികം പുതിയ കേരളത്തെ സ്വപ്‌നം കാണുന്നു. ജനങ്ങളില്‍ ഉണ്ടായിവരേണ്ട മാറ്റമാണ് ഇത് ലക്ഷ്യം വെക്കുന്നത്. ജീര്‍ണത സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്നു. സാംസ്‌കാരിക രംഗത്തും രാഷ്ട്രീയ മേഖലയിലും പൊതുജീവിതത്തിലും സാമൂഹിക തലത്തിലും ജീര്‍ണതയാണ് മുഴച്ചുനില്‍ക്കുന്നത്. ഇതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഇതില്‍ നിന്നുള്ള മാറ്റമാണ് പുതിയ കേരളം കൊണ്ട് ഉദ്ദേശിക്കുന്നത്. “സംസ്‌കരിക്കപ്പെട്ട ഒരു കേരള”ത്തെ ലക്ഷ്യം വെച്ചാണ് സമസ്ത കേരള സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ കര്‍മ പദ്ധതികള്‍ക്ക് രൂപം കൊടുത്തത്.
എസ് വൈ എസിന് 60 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുണ്ട് എന്ന് സാമാന്യമായി പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയില്ല. അതിന്റെ പ്രവര്‍ത്തനപഥം അക്ഷരാര്‍ഥത്തില്‍ ഐതിഹാസികവും സാഹസികവും ആയിരുന്നു. ഈ ദൗത്യത്തിന്റെയും അനുഭവത്തിന്റെയും പാഠം ഊര്‍ജമായി സ്വാംശീകരിച്ചുകൊണ്ട് പുതിയ ചരിത്രത്തിലേക്ക് സംഘടന പ്രവേശിക്കുകയാണ്.
എസ് വൈ എസ് ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. ഇസ്‌ലാമിക വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങളുമായി രാജിയാകാന്‍ മുസ്‌ലിംകള്‍ക്ക് നിര്‍വാഹമില്ലെന്നും വിശ്വാസത്തെ ബാധിക്കുന്ന എതൊന്നിനേയും ഉപേക്ഷിക്കണം എന്നുമാണ് എസ് വൈ എസിന്റെ നിലപാട്. മുസ്‌ലിം എന്ന നിലയില്‍ മനുഷ്യന്റെ ജീവിതത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും സാമൂഹികമായും ക്രിയാത്മകമായി രൂപപ്പെടുത്തുന്ന ദര്‍ശനമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും അഭിസംബോധന ചെയ്യാന്‍ ഇസ്‌ലാമിന് കഴിയുന്നു. ഈ വിശാലമായ അര്‍ഥത്തില്‍ എസ് വൈ എസിന് സമൂഹത്തിന്റെ എല്ലാ തുറകളിലും കൃത്യമായ ദൗത്യങ്ങളും ഇടങ്ങളുമുണ്ട്.
ഒരര്‍ഥത്തില്‍, എസ് വൈ എസിന്റെ ചരിത്രം എന്ന് പറയുന്നത് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ചരിത്രം കൂടിയാണ്. എസ് വൈ എസ് സമസ്തയുടെ ഭാഗമാണ്; സമസ്തയുടെ ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലും അവര്‍ കൂടി ഭാഗഭാക്കായ പൊതുസമൂഹത്തിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ, സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആധികാരിക പണ്ഡിത സഭയാണ് സമസ്ത. മുഹമ്മദ് നബി(സ) അറേബ്യയില്‍ പ്രബോധനം നടത്തുന്ന കാലത്ത് തന്നെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെളിച്ചമെത്താന്‍ നിയോഗമുണ്ടായ നാടാണല്ലോ നമ്മുടെത്. ആ ചരിത്രത്തെ അനുസ്മരിച്ചും അംഗീകരിച്ചും ഇസ്‌ലാമിനെ തനിമയോടെ പ്രബോധനം ചെയ്യുക എന്ന ദൗത്യമാണ് പണ്ഡിതന്മാര്‍ പ്രഥമമായി നിര്‍വഹിച്ചത്. വിശ്വാസമാണ് പ്രധാനം എന്നതായിരുന്നു ഈ മുന്‍ഗണനക്ക് കാരണം. ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ ഖുര്‍ആനിനേയും നബിചര്യയേയും അംഗീകരിക്കുകയും, അതിന്റെ സാന്ദര്‍ഭികമായ സാഹചര്യവും അഗാധമായ അര്‍ഥതലങ്ങളും പഠിക്കുകയും പിന്‍തലമുറക്ക് പഠിപ്പിക്കുകയും ചെയ്ത ഖലീഫമാരുടെയും സഹാബികളുടെയും ഇമാമുമാരുടെയും വ്യാഖ്യാനങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയുമാണ് പണ്ഡിതന്മാര്‍ നിര്‍വഹിച്ചുപോന്ന ദൗത്യം. പ്രവാചകര്‍ക്ക് തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച മഹാരഥന്മാര്‍ പഠിപ്പിച്ചതും ഖുര്‍ആനും സുന്നത്തും തന്നെയാണ്. ഈ നൂറ്റാണ്ടുകളുടെ പ്രാമാണികതയെ നബി(സ) ശരിവെച്ചിട്ടുമുണ്ട്. അവയെ പകര്‍ത്തുകയും പകര്‍ത്താന്‍ പഠിപ്പിക്കുകയുമാണ് ഇമാമുമാര്‍ ചെയ്തത്. ഇസ്‌ലാമിനെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള മാര്‍ഗമായിരുന്നു അത്. പൂര്‍വികരായ പണ്ഡിത നേതൃത്വവും മഹത്തുക്കളും ഈ മാര്‍ഗമാണ് അവലംബിച്ചിട്ടുള്ളത്. ഈ വഴിയെ തള്ളിപ്പറയുകയും അധിക്ഷേപിക്കുകയും ചെയ്ത് മുസ്‌ലിം ലോകത്തെ ഒന്നായി വഴി തെറ്റിക്കുന്ന പ്രവണത ഇടക്കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുവന്നു. ഈ പ്രവണതയുടെ ദുഷിപ്പുകള്‍ കേരളത്തിലെ മുസ്‌ലിംകളിലും മതപ്രവര്‍ത്തന സംരംഭങ്ങളിലും ചില ഭിന്നിപ്പുകളും ശിഥിലീകരണങ്ങളും ഉണ്ടാക്കി. ആ ദുരിതം സമുദായം ഇന്നും അനുഭവിക്കുന്നുമുണ്ട്. മുസ്‌ലിംകളുടെ കെട്ടുറപ്പ് മാത്രമല്ല, അവരുടെ വിശ്വാസവും അനുഷ്ഠാനങ്ങളും വരെ വികൃതമാക്കുന്ന വിധം ഈ പരിഷ്‌കാര പ്രവണതകള്‍ വളര്‍ന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ ഗൗരവമായി നിരീക്ഷിക്കുകയും ഇസ്‌ലാമിനെ അതിന്റെ തനിമയോടെ ജനങ്ങളിലേക്ക് എത്തിച്ച് മാതൃകാ സമുദായമായി മുസ്‌ലിംകളെ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് എസ് വൈ എസ് സ്വീകരിച്ചത്.
സമസ്തയുടെ ഈ നിലപാടുകള്‍ ഏറ്റെടുക്കുന്ന ഒരു സാഹചര്യം കൂടിയുണ്ടായിരുന്നു എസ് വൈ എസിന്. ഒരു പണ്ഡിതസഭ എന്ന നിലയില്‍ ബഹുജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സമസ്തക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. അതേ സമയം സമസ്തയുടെ നയനിലപാടുകള്‍ പൊതുജനങ്ങളിലെത്തിക്കും വിധത്തിലുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന ഒരു സാഹചര്യവും വന്നു. അങ്ങനെ സമസ്തയുടെ നയനിലപാടുകള്‍ ഏറ്റെടുത്ത് പൊതു പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടനയായി എസ് വൈ എസ് മാറി.
1954ല്‍ അന്നത്തെ സാമൂഹിക സാമുദായിക പശ്ചാത്തലത്തില്‍ നിന്ന് എസ് വൈ എസ് പ്രവര്‍ത്തനം ആരംഭിച്ചു. ഈ ദൗത്യം ആറ് പതിറ്റാണ്ട് കാലം യാഥാര്‍ഥ്യമാക്കി. മാറിമാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന വെല്ലുവിളികളേയും പ്രതിസന്ധികളേയും നിരീക്ഷിക്കാനും അതിനെ മുറിച്ചുകടന്ന് സമുദായത്തെ മുന്നോട്ട് നയിക്കാനും സംഘടന ആര്‍ജവം കാണിച്ചു. സംഘടനാ രൂപവത്കരണ കാലം മുതല്‍ സംഘടനയെ നയിച്ച, സംഘടനക്ക് വളര്‍ച്ചയും സ്വാധീനവും കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്ത മഹാരഥന്മാരായ സയ്യിദന്മാരും നേതാക്കളും ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ വലിയതാണ്. നൂറുല്‍ ഉലമ മര്‍ഹൂം എം എ ഉസ്താദിന്റെയും മര്‍ഹൂം ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് പ്രസ്ഥാനത്തെ കൈമാറിയ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നേതൃത്വവും പ്രവര്‍ത്തനവും ഈ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നു. 30 വര്‍ഷം സംഘടനയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് പ്രസ്ഥാനത്തെ നയിച്ച ശൈഖുനാ എ പി ഉസ്താദിന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്.
പുതിയ കാലഘട്ടത്തില്‍ സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചും മനസ്സിലാക്കിയും സമര്‍പ്പിക്കുക എന്നതാണ് എസ് വൈ എസിന് ചെയ്യാനുള്ളത്. അതിനനുയോജ്യമായ കര്‍മപദ്ധതികളും പ്രവര്‍ത്തനങ്ങളുമായാണ് അറുപതാം വാര്‍ഷിക സമ്മേളനത്തിലേക്ക് സംഘടന കടന്നുവന്നത്. അടിസ്ഥാനപരമായി സമൂഹത്തെ സംസ്‌കരിക്കുന്നതിനും ധാര്‍മികമായി അവരെ ഉയര്‍ത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന സംഘടന നല്‍കുന്നു. ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളും പാരമ്പര്യവും യാതൊരുവിധ മാറ്റങ്ങള്‍ക്കും വിധേയമാവാതെ തനിമയോടെ നിലനില്‍ക്കുന്ന ആശയമാണ് സുന്നത്ത് ജമാഅത്ത്. ഈ ആദര്‍ശങ്ങളെ എല്ലാ മേഖലകളിലുമുള്ള ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും പരിഷ്‌കരണവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എസ് വൈ എസ് നടത്തുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
സാര്‍വത്രികമായ പ്രബോധനം അടിസ്ഥാനപരമായി എസ് വൈ എസ് ലക്ഷ്യം വെക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങള്‍ക്ക് അവരുടെ ജീവിതസാഹചര്യങ്ങളോടൊപ്പം ഇസ്‌ലാമികമായും സാംസ്‌കാരികമായും ഉയരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ധര്‍മച്യുതിയില്‍ നിന്ന് മോചിപ്പിക്കാനുള്ള സാംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യക്തികളിലും കുടുംബത്തിലും അങ്ങനെ സമൂഹത്തിലാകെയും നടപ്പിലാക്കാനാണ് എസ് വൈ എസ് ശ്രമിക്കുന്നത്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഫാമിലി സ്‌കൂള്‍, ആദര്‍ശ പ്രചാരണ ക്യാമ്പയിനുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. വ്യാപകമായ പ്രബോധനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തൊഴിലാളി വിഭാഗങ്ങള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, വ്യാപാരികള്‍, വ്യവസായികള്‍, പ്രൊഫഷനലുകള്‍, കര്‍ഷകര്‍ തുടങ്ങി 12 വിഭാഗങ്ങളെ പ്രത്യേകമായി വിളിച്ചുചേര്‍ക്കുകയും ബോധവത്കരിക്കുകയും ചെയ്തുവരുന്നു. ഇതിന്റെ തുടര്‍ച്ചയായി അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനവേദിയിലെ സമ്മേളനത്തിന് പുറമെ വ്യത്യസ്ത വേദികളിലായി സമ്മേളനങ്ങള്‍ നടത്തും.
തീവ്രവാദ പ്രവണതകളുടെ മാനുഷികവിരുദ്ധവും മതവിരുദ്ധവുമായ തലങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇസ്‌ലാമിന്റെ സമാധാന വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു സംഘടന. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയും വര്‍ഗീയവുമായ അക്രമങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമെതിരെ സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ പകരാന്‍ എസ് വൈ എസ് ശ്രമിച്ചുവരുന്നു. “മാനവികതയെ ഉണര്‍ത്തുന്നു” എന്ന പ്രമേയത്തില്‍ നടന്ന കേരളയാത്രയും അനുബന്ധ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായിരുന്നു.
സമൂഹത്തിന്റെ സഹാനുഭൂതി പ്രതീക്ഷിക്കുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് ആശ്വാസം പകരാനും ദുരിതങ്ങളില്‍ നിന്ന് മോചനം നല്‍കാനുമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു, എസ് വൈ എസ്. സാന്ത്വനം ക്ലബുകള്‍, സാന്ത്വന കേന്ദ്രങ്ങള്‍, മെഡിക്കല്‍ കാര്‍ഡുകള്‍, ആംബുലന്‍സ് സര്‍വീസ്, സാന്ത്വനം വളണ്ടിയേര്‍സ്, മെഡിക്കല്‍ ഷോപ്പുകള്‍, ട്രോമാ കെയര്‍ യൂനിറ്റുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. നിത്യരോഗികള്‍ക്കും കിടപ്പിലായവര്‍ക്കും പരിചരണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ നല്‍കുന്നതിനാണ് സാന്ത്വനം ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് സാന്ത്വനം വളണ്ടിയര്‍ വിഭാഗം സേവനം ചെയ്യുന്നു. തിരുവനന്തപുരം ആര്‍ സി സിയോട് ചേര്‍ന്ന് അഞ്ഞൂറ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും സംരക്ഷണവും നല്‍കുന്ന തരത്തില്‍ സാന്ത്വന കേന്ദ്രം 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വനം പദ്ധതികള്‍ക്കും വേണ്ടി രൂപവത്കരിച്ച സന്നദ്ധ സേവന വിഭാഗമായ ഇരുപത്തയ്യായിരം സ്വഫ്‌വ അംഗങ്ങളെ സമ്മേളനത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കുകയാണ്.
ഈ വേളയില്‍ വീടില്ലാത്തവര്‍ക്കായി 60 സാന്ത്വന ഭവനങ്ങള്‍ പ്രഖ്യാപിച്ചു. ഇതില്‍ 30ഓളം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുന്നു. 60 ആശുപത്രി വാര്‍ഡുകളുടെ നവീകരണവും നടത്തുന്നുണ്ട്.
ഇത്രയും പദ്ധതികളിലൂടെ സംഘടന സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യമിടുന്നു. സമ്മേളനത്തില്‍ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ എസ് വൈ എസ് പ്രഖ്യാപിക്കുന്ന “വിഷന്‍ 2025” വലിയ ലക്ഷ്യങ്ങളാണ്് മുന്നോട്ട് വെക്കുന്നത്. എസ് വൈ എസിന്റെ സംഘടനാ ശക്തിയും സംഘാടന മികവും എല്ലാവര്‍ക്കും ബോധ്യപ്പെടുത്തുന്നതായിരിക്കും കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന അറുപതാം വാര്‍ഷിക സമ്മേളനം. പ്രസ്ഥാനത്തിന് എന്നും തണലായിനിന്ന, പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായ താജുല്‍ ഉലമയുടെ പേരില്‍ നഗരിയൊരുക്കിയത് തങ്ങളുമായി ഈ പ്രസ്ഥാനത്തിനുള്ള വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്നതാണ്. നാഷനല്‍ ഹൈവേയോടും സംസ്ഥാന ഹൈവേയോടും അഭിമുഖീകരിച്ച് നില്‍ക്കുന്ന 86 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങിയ നഗരിയില്‍ ഇരുപത്തയ്യായിരം സ്വഫ്‌വ അംഗങ്ങളും പതിനയ്യായിരം സ്ഥിരം പ്രതിനിധികളും പതിനായിരം മറ്റു സമ്മേളന പ്രതിനിധികളും പങ്കെടുക്കുന്നതാണ് പ്രതിനിധി സമ്മേളനങ്ങള്‍. സംഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി പ്രത്യേക പഠനങ്ങളും പരിശീലനങ്ങളും നടക്കും. “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, സമകാലിക പ്രസക്തമായ സംവാദങ്ങള്‍, ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം പശ്ചാത്തലമായുള്ള സെമിനാറുകള്‍, ദേശീയ അന്തര്‍ദേശീയ ഇസ്‌ലാമിക ദഅ്‌വത്തിനെക്കുറിച്ചുള്ള പഠനങ്ങള്‍, കേരളീയ സമൂഹത്തില്‍ അവലംബിക്കേണ്ട വഴികള്‍ തുടങ്ങി അര്‍ഥപൂര്‍ണമായ ഉള്ളടക്കമുള്ള പരിപാടിയാണ് സമ്മേളനം മുന്നോട്ട് വെക്കുന്നത്.
ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള മുസ്‌ലിം യുവജന പ്രസ്ഥാനമായി എസ് വൈ എസ് മാറിക്കഴിഞ്ഞു. എതിര്‍ക്കാനും അവഗണിക്കാനും ശ്രമിച്ചവര്‍ക്ക് പോലും ഇന്ന് എസ് വൈ എസിന്റെ പിന്തുണയും സഹായവും വേണമെന്നായി. കേരളത്തില്‍ നിന്നുള്ള ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് വളരാന്‍ കഴിയുന്നതിലും അപ്പുറത്താണ് ആ ജൈത്ര യാത്ര ഇന്ന് എത്തിനില്‍ക്കുന്നത്. അതിന്റെ നേര്‍ക്കാഴ്ചയാകും താജുല്‍ ഉലമ നഗര്‍ സാക്ഷാത്കരിക്കുക.

 

Latest