Connect with us

Kerala

തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ പെരുമാറ്റച്ചട്ടം

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസില്‍ പെരുമാറ്റച്ചട്ടം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും വിഭാഗീയതയും തടയുന്നതിനും മന്ത്രിമാരുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും ലക്ഷ്യമിട്ട് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കെ പി സി സി വിശാല എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിഘടകങ്ങള്‍ക്കും ബാധകമായ മാര്‍ഗരേഖയുടെ റിപോര്‍ട്ട് തയ്യാറാക്കാന്‍ കെ പി സി സി ജന.സെക്രട്ടറി സജി ജോസഫ് കണ്‍വീനറായ ഉപസമിതിയേയും നിശ്ചയിച്ചു. കെ പി സി സി നിര്‍വാഹക സമിതി ചേര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, മുന്‍പ്രസിഡന്റുമാര്‍ എന്നിവരില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാവും മാര്‍ഗരേഖ തയ്യാറാക്കുക.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഐ സി സി ജന.സെക്രട്ടറി മുകുള്‍ വാസ്‌നികിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ മല്‍സരിക്കുകയാണെന്നും പരാതി ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്. കെ പി സി സി നയങ്ങളും ശുപാര്‍ശകളും തയ്യാറാക്കി അന്തിമരൂപം നല്‍കാന്‍ 26ന് വൈകീട്ട് ഏഴിന് കെ പി സി സി – സര്‍ക്കാര്‍ ഏകോപന സമിതി ചേരാനും തീരുമാനമായി. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ രൂപവത്കരണം കേരളത്തിലൊട്ടാകെ മാര്‍ച്ച് ഒന്ന് വൈകീട്ട് മൂന്നിന് നടത്തും. യാതൊരു വിഭാഗീയതയോ, ഗ്രൂപ്പ് അതിപ്രസരമോയില്ലാതെ വാര്‍ഡു കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് സുധീരന്‍ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് കേന്ദ്രനേതൃത്വം കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിനെ കാണുന്നത്.
ഗ്രൂപ്പിസമോ വിഭാഗീയതയോ എവിടെയെങ്കിലും പ്രകടമായാല്‍ ഗൗരവമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പട്ടയവിതരണം ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുവിതരണ രംഗത്തെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം. മുനിസിപ്പല്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണം. നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക എത്രയുംവേഗം നല്‍കണം. വയനാട് ഉള്‍പ്പെടെ പലമേഖലയിലും വന്യജീവികളുടെ ആക്രമണം കര്‍ഷകരെ ആശങ്കയിലാക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും പൂര്‍ണമായും ഫലപ്രദമായിട്ടില്ല. അടിയന്തര നടപടികള്‍ സ്വീകരിച്ച് കര്‍ഷകരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വയനാട്ടിലെ ആദിവാസികള്‍ക്കുള്ള ഭൂമി സമയബന്ധിതമായി നല്‍കണം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി വര്‍ധിപ്പിച്ചത് അടിയന്തിരമായി പിന്‍വലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നഗരകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്ന മാസ്റ്റര്‍ പ്ലാനിനെ സംബന്ധിച്ച് വലിയ തോതിലുള്ള ആശങ്കകളും പരാതികളുമുള്ള സാഹചര്യത്തില്‍ മതിയായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമേ മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കാവൂ എന്നും പ്രമേയം ആവശ്യപ്പെട്ടു. നാദാപുരത്തുനടന്ന മനുഷ്യത്വരഹിതമായ കൊലപാതകത്തെയും അതിന്റെ മറ പിടിച്ച് അരങ്ങേറിയ അക്രമങ്ങളേയും പകല്‍കൊള്ളയെയും യോഗം അപലപിച്ചു.

Latest