ബോഡോ തീവ്രവാദിയേയും കൂട്ടാളിയേയും അസം പോലീസിന് കൈമാറി

Posted on: February 25, 2015 5:18 am | Last updated: February 25, 2015 at 12:18 am

കൊല്ലം: കല്ലുംതാഴത്തെ കശുവണ്ടി ഫാക്ടറിയില്‍ നിന്ന് പിടികൂടിയ ബോഡോ തീവ്രവാദി റിജിന്‍ ബസുമതാരി, കൂട്ടാളി സ്വര്‍ഗന്‍ റാംസിയാദി എന്നിവരെ അസമില്‍ നിന്ന് എത്തിയ പോലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയി.

അസമിലെ സിംല പോലീസ് സ്റ്റേഷനിലെ എസ് ഐ പരേഷ് ബോറോയുടെ നേതൃത്വത്തിലുള്ള നാലംഗ സായുധസംഘം ഇരുവരെയും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ടോടെ ഇരുവരെയും ഇന്നലെ ഉച്ചയോടെ ട്രെയിന്‍മാര്‍ഗം അസാമിലേക്ക് കൊണ്ടുപോകുകയായിരുന്നു.
നിരോധിത സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിനുവേണ്ടി നിര്‍ബന്ധിത പിരിവ് നടത്തിയതിന് റിജിനെതിരേ സിംല പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പോലീസ് സംഘം ഇവിടെ എത്തിയത്. അസമിലെ തോട്ടം ഉടമ ബബന്‍ റോയിയെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മറ്റൊരു കേസ്. നിരോധിത സംഘടനയുടെ ലറ്റര്‍പാഡില്‍ തോട്ടം ഉടമകള്‍ക്ക് ഡിമാന്റ് ലെറ്റര്‍ നല്‍കിയായിരുന്നു പണപ്പിരിവ്. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്ന് റിജിന്റെ നേതൃത്വത്തിലുള്ള സംഘം പണം തട്ടിയെടുത്തിട്ടുണ്ട്.
ഭയം കാരണം ആരും പോലീസില്‍ പരാതി നല്‍കാറില്ല. പരാതി നല്‍കിയാലും ആരും സാക്ഷി പറയാറുമില്ല. ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിന് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കഴിഞ്ഞ ഡിസംബറില്‍ അസമില്‍ നടന്ന കൂട്ടക്കൊലപാതക കേസുകളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് അവിടത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗോവര്‍ധന, ദംഗര്‍ജി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലാണ് കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്. ഇരുവരെയും ഇവിടങ്ങളില്‍ കൊണ്ടുപോയി ചോദ്യംചെയ്യല്‍ നടത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുകയുള്ളൂവെന്നാണ് അസം പോലീസ് പറയുന്നത്. ബോഡോ തീവ്രവാദികള്‍ക്കായി അസമിനകത്തും പുറത്തും വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ആയുധ സമാഹരണം, ആയുധപരിശീലനം, ധനസമ്പാദനം എന്നിവക്കെല്ലാം വെവ്വേറെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.