Connect with us

Kerala

വി എസിനെതിരെ തിടുക്കത്തില്‍ നടപടിയെടുക്കില്ല; തുടര്‍ ചലനങ്ങള്‍ കാത്ത് സി പി എം

Published

|

Last Updated

തിരുവനന്തപുരം:ഒന്നരപതിറ്റാണ്ടിന് ശേഷമുള്ള നേതൃമാറ്റം ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ എന്ത് മാറ്റം വരുത്തുമെന്ന ആകാംക്ഷയില്‍ സി പി എം. പിണറായി വിജയന് പകരക്കാരനായി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയാകുമ്പോള്‍ പൊടുന്നനെയൊരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും പിണറായി വിജയനില്‍ നിന്ന് കോടിയേരിക്കുള്ള ശൈലീമാറ്റം സംഘടനാരംഗത്ത് പ്രതിഫലിക്കുമെന്ന് ഉറപ്പ്. സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഇന്നലെ തിരുവനന്തപുരത്തെത്തിയ കോടിയേരി രാവിലെ ഒമ്പത് മണിയോടെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി സെന്ററിലെത്തി ചുമതലയേറ്റു. ഇടഞ്ഞ് നില്‍ക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് സംഘടനാരംഗത്ത് കോടിയേരിക്കുള്ള ആദ്യവെല്ലുവിളി. നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന കെ എം മാണിയെ എങ്ങനെ നേരിടണമെന്ന ചോദ്യമാണ് രാഷ്ട്രീയരംഗത്ത് കോടിയേരി ആദ്യം നേരിടുന്നത്.

വി എസിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ടൊരു തീരുമാനം ആരും പ്രതീക്ഷിക്കുന്നില്ല. അടുത്തമാസം നടക്കുന്ന കേന്ദ്രകമ്മിറ്റി വരെ കാത്തിരിക്കാനാകും തീരുമാനം. മാണിക്കെതിരായ പ്രക്ഷോഭം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ അടുത്ത മാസം ആറിന് എല്‍ ഡി എഫ് യോഗം ചേരുകയാണ്. ഇതിന് മുന്നോടിയായി എല്‍ ഡി എഫിന്റെ പാര്‍ലിമെന്ററി പാര്‍ട്ടിയും ചേരുന്നുണ്ട്. സി പി എമ്മിന്റെ നിലപാട് എന്താകണമെന്ന് തീരുമാനിക്കാന്‍ മാര്‍ച്ച് രണ്ടിന് പുതിയ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. പുതിയ പാര്‍ട്ടി സെക്രട്ടേറിയറ്റിനെ ഈ യോഗം തിരഞ്ഞെടുക്കും. മാണിയോട് മൃദുസമീപനം സ്വീകരിക്കുന്ന നേതാവ് എന്ന വിമര്‍ശം നേരത്തെ തന്നെ കോടിയേരിക്കെതിരെയുള്ളതിനാല്‍ ബാര്‍ കോഴ കേസില്‍ സി പി എമ്മിന്റെ സമരം എന്താകുമെന്നതില്‍ ആകാംക്ഷയുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് യോഗം പ്രക്ഷോഭം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. സി പി ഐക്കും സി പി എമ്മിനും പുതിയ സെക്രട്ടറിമാര്‍ വരുന്ന സാഹചര്യത്തില്‍ അതിന് ശേഷം ഒരു തീരുമാനം മതിയെന്ന നിലപാട് മനസ്സില്‍വെച്ചാണ് മാര്‍ച്ച് ആറിന് വീണ്ടും എല്‍ ഡി എഫ് ചേരാന്‍ തീരുമാനിച്ചത്.
പ്രതിപക്ഷ ഉപനേതാവ് എന്ന പദവി നിലവില്‍ വഹിക്കുന്നതിനാല്‍ ഈ നിയമസഭാസമ്മേളനത്തിന് മുമ്പ് തന്നെ ഇതൊഴിയുമോയെന്നതിലും വ്യക്തതയില്ല. വി എസ് അച്യുതാനന്ദന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കോടിയേരി മാറുന്നത് സഭയിലെ പ്രക്ഷോഭങ്ങളെ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ഉപനേതാവ് പദവി ഒഴിഞ്ഞാല്‍ ആരെ നിയോഗിക്കുമെന്നതിലും അവ്യക്തതയുണ്ട്. പി ബി അംഗം എം എ ബേബി സഭയിലുണ്ടെങ്കിലും കേന്ദ്രകമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദവിയിലേക്ക് പരിഗണിക്കപ്പെടാനാകില്ല. ഇ പി ജയരാജനോ തോമസ് ഐസക്കോ എന്നതാണ് അടുത്ത ചോദ്യം. പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി എ കെ ബാലനേയും പരിഗണിച്ചേക്കാം.
വി എസ് അച്യുതാനന്ദനെ പ്രതിപക്ഷനേതൃപദവിയില്‍ നിലനിര്‍ത്തണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാര്‍ച്ച് മൂന്നാം വാരം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം. അതുവരെ നിലവിലുള്ള രീതിയില്‍ പോകട്ടെയെന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. വി എസ് ഇനി സ്വീകരിക്കുന്ന നിലപാടിനെകൂടി ആശ്രയിച്ചാകും ഇക്കാര്യത്തിലെ തുടര്‍നീക്കങ്ങള്‍. സംഘടനാ സംവിധാനത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചാണ് പിണറായിയുടെ മടക്കമെന്നതിനാല്‍ ഈ രംഗത്ത് കോടിയേരിക്ക് അധികം വിയര്‍ക്കേണ്ടി വരില്ല. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിഭിന്നമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ കാത്തിരിക്കുന്നത് മാസങ്ങള്‍ കഴിഞ്ഞാല്‍ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ്. അടുത്തവര്‍ഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് കോടിയേരിക്ക് മുന്നിലെ ആദ്യദൗത്യം.
കോടിയേരിയുടെ വരവ് ഘടകകക്ഷികളോടുള്ള നിലപാടിലും കാര്യമായ മാറ്റം പ്രവചിക്കുന്നവരുണ്ട്. സീറ്റ് വിഭജനത്തിലുള്‍പ്പെടെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനം തന്നെയാണ് മുമ്പ് നടപ്പാക്കിയിരുന്നതെങ്കിലും സെക്രട്ടറിയെന്ന നിലയില്‍ ഇതിലെല്ലാം പിണറായി വിജയന്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. സി പി എമ്മിനോട് അകല്‍ച്ച കാണിക്കുന്ന സംഘടനകളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കോടിയേരിയുടെ വരവ് ഗുണം ചെയ്യും.

---- facebook comment plugin here -----

Latest