ഗതാഗത നിയമലംഘനം; 277 പേര്‍ക്ക് പിഴ ചുമത്തി

Posted on: February 24, 2015 8:35 pm | Last updated: February 24, 2015 at 8:35 pm

ajman policeഅജ്മാന്‍: കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 277 പേര്‍ക്ക് പിഴ ചുമത്തിയതായി അജ്മാന്‍ പോലീസ് വെളിപ്പെടുത്തി. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കല്‍ ഉള്‍പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിനാണ് കാല്‍നടയാത്രക്കാര്‍ക്ക് 200 ദിര്‍ഹം വീതം പിഴ ചുമത്തിയത്. 2015 ജനുവരി മുതലുള്ള കണക്കാണിത്.
അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുള്ളതായതിനാല്‍ ഇതിനെതിരെ കാല്‍നടക്കാരെ ബോധവത്കരിക്കാന്‍ കാമ്പയിനും അജ്മാന്‍ പോലീസ് തുടക്കമിട്ടിട്ടുണ്ട്. അടുത്ത മാസം അവസാനംവരെ ബോധവത്കരണ പരിപാടികള്‍ പോലീസ് തുടരും. ഇതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബോധവത്കരിക്കുന്നുണ്ട്.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. എല്ലാ വിഭാഗത്തില്‍ ഉള്‍പെട്ട റോഡ് ഉപയോക്താക്കളെയും സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി ഹാമിദ് അല്‍ മുസൈബ വ്യക്തമാക്കി. പ്രധാനമായും കാല്‍നടക്കാരെയാണ് ബോധവത്കരണം ലക്ഷ്യമിടുന്നത്. അനധികൃതമായി ഇത്തരക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതാണ് നഗരത്തിലെ അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.