Connect with us

Gulf

പൊടിക്കാറ്റ്; അസുഖങ്ങളും അപകടങ്ങളും

Published

|

Last Updated

പൊടിക്കാറ്റിനു പിന്നാലെ മഴ, പിന്നെ ശീതക്കാറ്റ്, വെയില്‍… യു എ ഇയിലെ കലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നാളെ വരെ പൊടിക്കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
പൊടിക്കാറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയില്‍ പരക്കെ പൊടിക്കാറ്റായിരുന്നു. മൂക്കിലും ചെവിയിലും കനത്ത തോതില്‍ പൊടിപടലങ്ങള്‍ കയറാത്തവര്‍ ചുരുക്കം. അലര്‍ജിയുടെ അസുഖമുള്ളവരില്‍ ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മൂക്കൊലിപ്പും തുമ്മലും കുറേ ദിവസത്തേക്ക് നീണ്ടുനില്‍ക്കും. ചിലര്‍ക്ക് വിട്ടുമാറാത്ത തലവേദനയും കഫക്കെട്ടും അനുഭവപ്പെടും.
മൂക്കും ചെവിയും മറ്റും മൂടിക്കൊണ്ടുവേണം ഇത്തരക്കാര്‍ പുറത്തിറങ്ങാനെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഉദ്യാനങ്ങളിലും കടല്‍തീരങ്ങളിലും പോകാതിരിക്കുന്നതാണ് ഉചിതം.
പൊടിക്കാറ്റിന് പിന്നാലെ മഴ പെയ്തത്, മിക്കയിടങ്ങളിലും മലിനജലം കെട്ടിനില്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതും രോഗം പടരുന്നതിന് കാരണമാകും. അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളില്‍ കനത്ത മഴയായിരുന്നു. പലേടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നു. സൂര്യപ്രകാശം അധികം ഇല്ലാത്തതിനാല്‍ അണുക്കള്‍ ഒഴിവാകില്ല.
യു എ ഇയില്‍ ആസ്തമാ കേസുകള്‍ 25 ശതമാനം വര്‍ധിച്ചതായി ആരോഗ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലും ഔഷധശാലകളിലും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. കുട്ടികളിലാണ് ആസ്തമ കൂടുതലായും കാണുന്നത്. പൊടിപടലങ്ങള്‍ക്കൊപ്പം വൈറസും ശരീരത്തില്‍ എളുപ്പം കയറിക്കൂടുന്നു. ചെവിയിലും മൂക്കിലും അണുബാധ, പനി എന്നിങ്ങനെ പലതരത്തിലാണ് അസുഖത്തിന്റെ പ്രത്യക്ഷപ്പെടല്‍. ചിലര്‍ക്ക് കടുത്ത ശ്വാസതടസം. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച നന്നേ കുറഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ ദിവസം ദുബൈ ശൈഖ് സായിദ് റോഡില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിമുട്ടി. 12 ഓളം കാറുകള്‍ക്കാണ് ഒറ്റയടിക്ക് കേടുപറ്റിയത്. റാസല്‍ഖൈമയിലെ അല്‍ സീസില്‍ ശനിയാഴ്ച രാത്രി ഒരു സ്വദേശി ബാലന്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചു.
ദുബൈ മറീനയില്‍ ടോര്‍ച്ച് താമസകെട്ടിടത്തിലെ തീപിടുത്തം രൂക്ഷമായത് പൊടിക്കാറ്റ് മൂലമാണെന്ന് സംശയിക്കുന്നു. 50-ാം നിലയിലെ അഗ്നിബാധ മറ്റുനിലകളിലേക്ക് പടര്‍ന്നത് അതിവേഗത്തിലാണ്. അഗ്നിശമന സേനയുടെ ഭഗീരഥയത്‌നമില്ലായിരുന്നുവെങ്കില്‍ കെട്ടിടം ചാരമാകുമായിരുന്നു. സമീപത്തുള്ള കൂറ്റന്‍ കെട്ടിടങ്ങളിലേക്കും പടരുമായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ആര്‍ക്കും തടുത്തു നിര്‍ത്താന്‍ കഴിയില്ലെങ്കിലും ജാഗ്രതയുണ്ടെങ്കില്‍ ആഘാതം കുറക്കാനാകും.