Connect with us

Gulf

ഇത്തിഹാദ് 2,000 സ്വദേശികളെ റിക്രൂട്ട് ചെയ്തു

Published

|

Last Updated

അബുദാബി: ഇത്തിഹാദ് എയര്‍വെയ്‌സ് 2,000 സ്വദേശികളെ റിക്രൂട്ട് ചെയ്തു. അബുദാബിയുടെ ഔദ്യോഗിക വിമാനകമ്പനിയായ ഇത്തിഹാദ് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരിക്കുന്നത്. വിവിധ തസ്തികകളിലായാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നായി മാറാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ചീഫ് പീപിള്‍ ആന്‍ഡ് പെര്‍ഫോമന്‍സ് ഓഫീസര്‍ റെ ഗാമെല്‍ വ്യക്തമാക്കി.
സ്വദേശികളെ ശാക്തീകരിക്കാനാണ് കമ്പനി മുഖ്യ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ആവുമ്പോഴേക്കും 6,000 സ്വദേശികളെക്കൂടി കമ്പനിയുടെ ഭാഗമാക്കാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ എല്ലാ രംഗത്തും സ്വദേശികളുടെ സാന്നിധ്യമുണ്ടെന്നും ഗാമെല്‍ വ്യക്തമാക്കി.
അബുദാബിയില്‍ നിന്നുള്ള മുഹമ്മദ് അല്‍ മന്‍സൂരി(30) മനുഷ്യവിഭവ വിഭാഗത്തിലാണ് ജോലിക്ക് കയറിയിരിക്കുന്നത്. ലോകോത്തരമായ വിമാനക്കമ്പനിയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ മന്‍സൂരി പ്രതികരിച്ചു. 144 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജോലിചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലി ലഭിക്കുകയെന്നത് മഹാഭാഗ്യമായി കരുതുന്നതായും യു കെയിലെ ഹള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം കരസ്ഥമാക്കിയ അല്‍ മന്‍സൂരി പ്രതികരിച്ചു. മുമ്പ് അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് ഈ യുവാവ്.

Latest