Connect with us

Gulf

ഐ എസ് സി തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍; പ്രചാരണം അവസാന ഘട്ടത്തില്‍

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കവെ പ്രചാരണം കൊടുമ്പിരിക്കൊണ്ടു. തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ പ്രധാന കൂട്ടായ്മയാണ് ഐ എസ് സി (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍). കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ മത്സരമാണ് ഈ വര്‍ഷം 26 (വ്യാഴം)ന് ആണ് തിരഞ്ഞെടുപ്പ്.

15 സ്ഥാനങ്ങളില്‍ ആറി ലേക്കാണ് തിരഞ്ഞെടുപ്പ്. ഒമ്പത് സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു കഴിഞ്ഞു. രാവിലെ എട്ടിന് ജനറല്‍ ബോഡിയോഗം തുടങ്ങും. 10.30ന് അവസാനിക്കും. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത്. ഈ വര്‍ഷം 2,139 അംഗങ്ങളാണ് വോട്ട് ചെയ്യുക. ഇതിന്നായി 37 പോളിംഗ് ബൂത്തുകളും സജ്ജീകരിക്കുന്നുണ്ട്. 11.30ന് പോളിംഗ് അവസാനിക്കും. ഒരു മണിയോട് കൂടി ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷം സമയക്രമം പാലിച്ച് തിരഞ്ഞെടുപ്പിനായി കൂടുതല്‍ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
ഈ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരും ട്രഷറര്‍ സ്ഥാനത്തേക്ക് രണ്ടുപേരും അസി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ 2,038 അംഗങ്ങളാണ് വോട്ട് ചെയ്തത്. മുഴുവന്‍ വോട്ടര്‍മാരും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ എത്തണമെന്ന അഭ്യര്‍ഥന ഐ എസ് സിയില്‍നിന്നു മെമ്പര്‍മാര്‍ക്ക് ലഭിച്ചു കഴിഞ്ഞു.
ശക്തമായ മത്സരം നടക്കുന്നത് കൊണ്ട് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് യു എ ഇയിലെ ഇന്ത്യക്കാര്‍ ഉറ്റുനോക്കുകയാണ്. ഓരോ സ്ഥാനാര്‍ഥിക്ക് വേണ്ടിയും പ്രത്യേകം ഗ്രൂപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നവ മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. പ്രചരണത്തിനായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നതില്‍ സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമാണ്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇ-മെയില്‍ എന്നിവയാണ് വോട്ടഭ്യര്‍ഥനക്കായി സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്നത്. കൂടാതെ വ്യക്തിബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും സ്ഥാനാര്‍ഥികള്‍ ഫലപ്രദമായി പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

Latest