തുംബെ ഗ്രൂപ്പ് ദുബൈയില്‍ പുതിയ ആശുപത്രി ആരംഭിച്ചു

Posted on: February 24, 2015 6:30 pm | Last updated: February 24, 2015 at 6:39 pm

DSC_0862ദുബൈ: യു എ ഇയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തുംബെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബൈ ഖിസൈസില്‍ പുതിയ ആശുപത്രി തുറന്നു.
തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത അക്കാദമിക് ആശുപത്രിയാണിത്. ഒരേ സമയം 150 പേര്‍ക്ക് താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം ഉണ്ട്.
രാജ്യാന്തര നിലവാരമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ദന്ത കേന്ദ്രവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഓര്‍ത്തോഡോണിക്, പ്രോസ്‌ത്തോഡോണിക്, എന്‍ഡോഡോണിക്, ഓറല്‍ സര്‍ജറി മേഖലയില്‍ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം എന്നിവ ഇവിടെ ലഭ്യമാണ്.
ആദ്യ 15 ദിവസം പുതിയ ആശുപത്രിയില്‍ പരിശോധനകള്‍ സൗജന്യമായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 2,000 രോഗികള്‍ പങ്കെടുത്തു. ആരോഗ്യ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോക്ടര്‍മാരെയും ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ലബോറട്ടറി സൗകര്യങ്ങളും സംയോജിപിച്ച് തുംബൈ ഹോസ്പിറ്റലിന്റെ ശൃംഖല യു എ ഇയിലെ വിവിധ എമിറേറ്റുകളിലും ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലും സ്ഥാപിക്കുമെന്ന് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീനും അക്ബര്‍ മൊയ്തീനും പത്രക്കുറിപ്പില്‍ അറിയിച്ചു.