Connect with us

Gulf

'കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് നിലവില്‍ വരുന്നു'

Published

|

Last Updated

ദുബൈ: എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും നിര്‍ബന്ധിത ഇന്‍ഷ്വറന്‍സിനെക്കുറിച്ച് പഠിക്കുകയാണെന്ന് ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ്.
അടുത്ത രണ്ടുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കുകയും ഉടനടി നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുമെന്ന് ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ ബുത്വിബിന്‍ മുജ്‌റിന്‍ അറിയിച്ചു. ഓരോ കെട്ടിടത്തിനും ഏതുതരം ഇന്‍ഷ്വറന്‍സ്, ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പില്‍ വരുത്തേണ്ട അതോറിറ്റി ഏത്, ഇന്‍ഷ്വറന്‍സ് തുക അടക്കേണ്ട രീതി, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളുണ്ടായാല്‍ ഉടമസ്ഥര്‍ നല്‍കേണ്ട അവകാശങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കുന്നതെന്നും ബിന്‍ മുജ്‌രിന്‍ വ്യക്തമാക്കി.
കെട്ടിട നിര്‍മാതാക്കളും മറ്റു അതോറിറ്റികളും കെട്ടിടത്തിന്റെ പേരില്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കേണ്ടതും അത്യാഹിതങ്ങളുണ്ടായാല്‍ ഉടമസ്ഥന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തിന് പകരമായിരിക്കുമിത്.
ഇന്‍ഷൂര്‍ ചെയ്യുന്ന കമ്പനികളുടെയും ചെയ്യപ്പെടുന്ന കെട്ടിടത്തിന്റെ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലായിരിക്കും നിയമനിര്‍മാണം നടത്തുകയെന്നും ബിന്‍ മുജ്‌രിന്‍ വ്യക്തമാക്കി. ബില്‍ഡിംഗ് ഡിവലപ്പേഴ്‌സ്, ഓണേഴ്‌സ് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തവും നിയമത്തില്‍ വ്യക്തമാക്കും.
ഫുള്‍ കവറേജ് ഇന്‍ഷ്വറന്‍സാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. തീപിടുത്തം, സ്‌ഫോടനം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങളാല്‍ കെട്ടിടങ്ങള്‍ക്ക് സംഭവിക്കുന്ന പൂര്‍ണമോ ഭാഗികമോ ആയ മുഴുവന്‍ നാശങ്ങള്‍ക്കും നഷ്ടപരിഹാരം പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കും. ഇത്തരം ദുരന്തങ്ങളില്‍ ഇരയാകുന്ന മനുഷ്യര്‍ക്കും പുതിയ നിയമത്തില്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടായിരിക്കുമെന്ന് ബിന്‍ മുജ്‌രിന്‍ അറിയിച്ചു.

Latest