Connect with us

Gulf

വിവിധ എമിറേറ്റുകളില്‍ ഓപ്പണ്‍ഫോറം

Published

|

Last Updated

ദുബൈ: ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരാതികള്‍ സ്വീകരിക്കുന്ന (മദദ്)തിന് ഏര്‍പെടുത്തിയ പുതിയ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കോണ്‍സുലേറ്റിന് കീഴില്‍, വടക്കന്‍ എമിറേറ്റുകളില്‍ അസോസിയേഷനുകളുമായും മറ്റും ബന്ധപ്പെട്ടാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുക. ദുബൈ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഫോറം ഉണ്ടെങ്കിലും വടക്കന്‍ എമിറേറ്റുകളിലെ വിദൂരഭാഗങ്ങളില്‍ നിന്ന് ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ടുപോയി പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന സംവിധാനം ഏര്‍പെടുത്തുന്നത്. ആളുകള്‍ക്ക് ഉദ്യോഗസ്ഥരെ പരാതി നേരിട്ട് ഏല്‍പിക്കാന്‍ കഴിയും. ഉടന്‍ പരിഹാരം കാണേണ്ടതാണെങ്കില്‍ അതിനു സാധ്യതയുണ്ട്.
കോണ്‍സുലാര്‍ സര്‍വീസുമായി ഓപ്പണ്‍ ഫോറങ്ങളെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങിനെ വരുകയാണെങ്കില്‍ നിലവില്‍ അസോസിയേഷനുകളില്‍ നടക്കുന്ന കോണ്‍സുലാര്‍ സര്‍വീസിനോടൊപ്പം തന്നെ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പെടുത്തിയ മദദ് സംവിധാനം ആളുകളുടെ പരാതികള്‍ എളുപ്പം പരിഹരിക്കാനുള്ള മാര്‍ഗമാണ്. ഓണ്‍ലൈനില്‍ ആളുകള്‍ക്ക് നേരിട്ട് പരാതി നല്‍കാം. കടലാസില്‍ എഴുതി നല്‍കുന്ന പരാതി നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ടൈപ്പ് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യും. ഈ പരാതി ഏതു ഉദ്യോഗസ്ഥന്റെ പക്കലാണുള്ളതെന്നും എന്ത് പരിഹാരമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും പരാതിക്കാരന് ഓണ്‍ലൈന്‍ വഴി മനസ്സിലാക്കാന്‍ കഴിയും. ഉറ്റവരുടെ മരണം, തൊഴിലുടമയുമായുള്ള പ്രശ്‌നത്തിന്റെ പേരിലുള്ള പരാതകള്‍ എന്നിങ്ങനെ നിരവധി പരാതികള്‍ കോണ്‍സുലേറ്റില്‍ ലഭിക്കാറുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ കോണ്‍സുലേറ്റിന് തീരുമാനമെടുക്കാന്‍ കഴിയാറില്ല. ഇത്തരം പരാതികള്‍ കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് എത്തിക്കാന്‍ മദദ് സംവിധാനത്തിലൂടെ സാധിക്കും. ഓരോ ഉദ്യോഗസ്ഥരും എങ്ങനെയാണ് പരാതിയെ സമീപിച്ചതെന്ന് അറിയാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെങ്കില്‍ മന്ത്രിക്കും അത് വ്യക്തമാകും. ഒരു പരാതി ലഭ്യമായാല്‍ 30 ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ അത് നിരീക്ഷിക്കാന്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സാധ്യമാണ്. കഴിഞ്ഞ വര്‍ഷം ദുബൈ കോണ്‍സുലേറ്റില്‍ 3737 പരാതികള്‍ ലഭിച്ചു. ഇതില്‍ 63 എണ്ണം കാണാതായതിനെക്കുറിച്ചാണ്. മരണവുമായി ബന്ധപ്പെട്ട പരാതികള്‍ 25 എണ്ണം ലഭിച്ചു. പാസ്‌പോര്‍ട്ട് പുതുക്കല്‍, വിസ അനുവദിക്കല്‍ എന്നിവ ഒഴികെ എല്ലാ പരാതികള്‍ക്കും മദദ് വഴി പരിഹാരം ഉണ്ടാകുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

Latest