Connect with us

Gulf

ഖസര്‍ അല്‍ ഹുസ്ന്‍ ആഘോഷത്തിന് എത്തിയത് 1.2 ലക്ഷം

Published

|

Last Updated

അബുദാബി: ഫെബ്രു 11 മുതല്‍ 21 വരെ നടന്ന ഖസര്‍ അല്‍ ഹുസ്ന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ 1.2 ലക്ഷം ആളുകള്‍ എത്തിയതായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ അറിയിച്ചു.
ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് ആഘോഷം കാണാന്‍ എത്തിയത്. ഏറെയും കുടുംബസമേതമായിരുന്നു. അബുദാബിയുടെ തനത് പാരമ്പര്യത്തെ സ്വദേശികളും വിദേശികളും എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞു- ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
വൈവിധ്യമാര്‍ന്ന പരിപാടികളും തല്‍സമയ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ജനഹൃദയങ്ങളില്‍ പരമ്പരാഗതവും ആധുനികവുമായ ഇമറാത്തി പൈതൃക സ്മരണകള്‍ തനിമയോടെ പകര്‍ന്ന 11 ദിവമാണ് കടന്നുപോയത്. അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. വൈകുന്നേരം നാലു മുതല്‍ രാത്രി പതിനൊന്നു വരെയായിരുന്നു പൈതൃകോല്‍സവം.
തലസ്ഥാന നഗരിയില്‍ 16-ാം നൂറ്റാണ്ടു മുതല്‍ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രധാന അടയാളമായ അല്‍ ഹുസ്ന്‍ പാലസും (ഖസര്‍ അല്‍ ഹുസ്ന്‍) ശ്രദ്ധയാകര്‍ഷിച്ചു. അബുദാബി എമിറേറ്റിലെ ദ്വീപ് മേഖലകള്‍, മരുപ്പച്ച, മരുഭൂമി, സമുദ്രം എന്നിവയുടെ സാംസ്‌കാരികത്തനിമകളോടെയാണ് ഉല്‍സവ നഗരി സജ്ജമാക്കിയിരുന്നത്. 66.43 ലക്ഷത്തിലധികം ടണ്‍ മണല്‍ വിരിച്ചാണ് തനിമയാര്‍ന്ന പൈതൃക ഗ്രാമം രൂപകല്‍പന ചെയ്തത്. പൈതൃക ജീവിതത്തിലെ 450ഓളം പരീക്ഷണങ്ങളും മാതൃകകളും സന്ദര്‍ശകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇമാറാത്തി പാരമ്പര്യത്തിന്റെ ഊഷ്മളതയും മഹിമയും പകര്‍ന്നത്. 11 തരം പവലിയനുകളിലേക്കായിരുന്നു സന്ദര്‍ശകരെ ആകര്‍ഷിച്ചത്. പുതുമ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താവുന്ന പരിപാടികളായിരുന്നു നാല് ഫെസ്റ്റിവല്‍ മണ്ഡലങ്ങളില്‍.
യു എ ഇയിലെ 10 സര്‍വകലാശാലകളില്‍ നിന്ന് 250 വിദ്യാര്‍ഥികള്‍ ഖസര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ സ്ഥാനപതിമാരായി പ്രവര്‍ത്തിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നു നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും ഫെസ്റ്റിവല്‍ ആസ്വദിക്കാനെത്തി. അബുദാബിയുടെ പൈതൃക സംസ്‌കാരം കണ്ടും രുചിച്ചും ആസ്വദിക്കാന്‍ അവസരമൊരുക്കി നടന്ന ഫെസ്റ്റിവല്‍ നഗരിയില്‍ സമാപനത്തിന്റെ ഭാഗമായി ഈ വാരാന്ത്യത്തില്‍ വലിയ തിരക്കനുഭവപ്പെട്ടു. ഈന്തപ്പന മുകളില്‍ കയറാന്‍ പരിശീലിപ്പിക്കുന്നതുള്‍പെടെ വലയെറിയാനും മീന്‍ പിടിക്കാനുമൊക്കെ തനിമയോടെയുള്ള പരിശീലനങ്ങള്‍ ആസ്വദിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ ആയിരക്കണക്കിനു സ്വദേശികളും വിദേശികളും ആവേശത്തോടെയാണ് ഖസര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ നഗരിയിലെത്തിയത്.

Latest