Connect with us

Malappuram

ആരവം നിലക്കാതെ സമ്മേളന നഗരി; ജനമൊഴുക്ക് തുടരുന്നു

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: വിശ്വാസ കരുത്തിന്റെ നിലക്കാത്ത ആവേശത്തില്‍ ഇന്നലെയും നഗരി നിറഞ്ഞു. സമ്മേളനം തുടങ്ങാന്‍ രണ്ട് ദിവസം കൂടിയിയുണ്ടായിരിക്കെ അനുബന്ധമായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും സമ്മേളനഗരി വീക്ഷിക്കുന്നതിനുമാണ് താജുല്‍ ഉലമാ നഗറിലേക്ക് ജനമൊഴുകിയെത്തുന്നത്. വെയില്‍ തണല്‍ വിരിക്കുന്നതോടെ സംഘങ്ങളായും ഒറ്റയായുമെല്ലാം പ്രവര്‍ത്തകര്‍ സമ്മേളന നഗരി ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഇന്നലെ നടന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് അനുസ്മരണ പ്രഭാഷണത്തിനും സംയുക്ത കൃതിയുടെ പ്രകാശന ചടങ്ങിനും ആയിരങ്ങളാണ് സാക്ഷിയായത്. കാല്‍നട യാത്രകളും സന്ദേശ ജാഥകളും പതിവു പോല ഇന്നലെയുമുണ്ടായി. സമ്മേളന സന്ദേശം നെഞ്ചേറ്റിയ ആയിരങ്ങള്‍ ദിനംപ്രതി ഒഴുകി എത്തിയതോടെ നിശ്ചയിച്ചതിലും നേരത്തെയാണ് സമ്മേളനത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.
നഗരിയിലെ എക്‌സ്‌പോയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കാല്‍നാട്ടല്‍ കര്‍മം വേദിയില്‍ നടന്ന ദിവസം തന്നെ സംഘാടകരെ അമ്പരിപ്പിക്കുന്ന ജനമാണ് ഇവിടെ എത്തിയിരുന്നത്. പിന്നീട് ഈ ഒഴുക്കിന് തടയിടാനായിട്ടില്ല. സമ്മേളനങ്ങള്‍ പലത് കണ്ട വിവിധ സംഘാടകര്‍പോലും എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തെ വ്യത്യസ്തമായാണ് വീക്ഷിക്കുന്നത്. പ്രവര്‍ത്തകരുടെ അച്ചടക്കവും ചിട്ടയും മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയായിട്ടുണ്ട്.

 

Latest