Connect with us

Ongoing News

ഗെയിലിന് ഡബിള്‍ സെഞ്ച്വറി; റെക്കോര്‍ഡ് കൂട്ടുകെട്ട്‌; വെസ്റ്റിന്‍ഡീസ് 372/2

Published

|

Last Updated

കാന്‍ബറ: വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് ഡബിള്‍ സെഞ്ച്വറി. ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഗെയ്‌ലിന്റെ ഡബിള്‍. ലോകകപ്പിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് ക്രിസ് ഗെയില്‍. 105 പന്തില്‍ സെഞ്ച്വറി നേടിയ ഗെയില്‍ 138 പന്തിലാണ് 200 കടന്നത്. 16 സിക്‌സറുകളുടേയും 10 ഫോറുകളുടേയും അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ ഇരട്ട സെഞ്ച്വറി. വിന്‍ഡീസിന് വേണ്ടി മര്‍ലോണ്‍ സാമുവല്‍സും സെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സെടുത്തു. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായ ഗെയ്ല്‍ 147 പന്തില്‍ 215 റണ്‍സെടുത്തു.

റണ്ണെടുക്കും മുമ്പെ വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസിനെ പന്നീട് ചേര്‍ന്ന ഗെയ്‌ലും സാമുവല്‍സും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മെല്ലെ തുടങ്ങിയ കൂട്ടുകെട്ട് പിന്നീട് ക്രിസ് ഗെയ്‌ലിലൂടെ ആളിപ്പടരുകയായിരുന്നു. കളി നിര്‍ത്താന്‍ സമയമായെന്ന വിമര്‍ശകരുടെ ആക്ഷേപങ്ങള്‍ക്ക് മികച്ച ബാറ്റിങ്ങിലൂടെ മറുപടി നല്‍കുകയായിരുന്നു ഗെയ്ല്‍. 51 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി തികച്ചത്. ഇതിനു ശേഷവും വളരെ ശ്രദ്ധിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്തത്. 105 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഗെയ്ല്‍ വിശ്വരൂപംപൂണ്ടു. അടുത്ത 33 പന്തിലാണ് ഗെയില്‍ രണ്ടാം നൂറ് തികച്ചത്. മര്‍ലോണ്‍ സമുവല്‍സ് മികച്ച പിന്തുണയാണ് ഗെയ്‌ലിന് നല്‍കിയത്. 143 പന്തിലാണ് സാമുവല്‍സ് സെഞ്ച്വറി തികച്ചത്. ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 156 പന്തില്‍ 133 റണ്‍സെടുത്ത് പുറത്താകാതെ നിന്നു സാമുവല്‍സ്.
ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗെയ്‌ലിന്റേത്. 1999ല്‍ കേഴ്‌സ്റ്റണ്‍ നേടിയ 188 റണ്‍സാണ് പഴങ്കഥയായത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഗെയ്ല്‍-സാമുവല്‍സ് കൂട്ടുകെട്ട് 372 റണ്‍സിലൂടെ സ്വന്തമാക്കിയത്. സച്ചിന്‍, സെവാഗ്, രോഹിത് എന്നിവരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്.