Connect with us

Kozhikode

വികസന കാര്യത്തില്‍ നഗരസഭകളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡി പി ആര്‍ തയ്യാറാക്കും: മന്ത്രി അലി

Published

|

Last Updated

കോഴിക്കോട്: വികസന കാര്യത്തില്‍ നഗരസഭകളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദവും കുറ്റമറ്റതുമായ ഡി പി ആര്‍(ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കാന്‍ നഗരവികസന വകുപ്പ് തീരുമാനിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി. സംസ്ഥാനത്തെ നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നതായും അലി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷനില്‍ ശാസ്ത്രീയ നഗരപദ്ധതി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് സിറ്റികളില്‍ കേരളത്തില്‍നിന്ന് ഏഴ് നഗരങ്ങളുണ്ട്. കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഗുണം ലഭിക്കാന്‍ നഗരങ്ങളില്‍ കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ മറ്റ് നഗരങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്രപദ്ധതികളും എ ഡി ബി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ സഹായവും കേരളത്തില്‍ കുറവാണ്. ശാസ്ത്രീയ സമീപനമില്ലാത്ത ഡി പി ആറുകളാണ് ഇതിന് പ്രധാന കാരണം. ഇതിനാലാണ് സര്‍ക്കാര്‍ വിശദമായ ഡി പി ആര്‍ തയ്യാറാക്കന്‍ ഒരുങ്ങുന്നത്.
സുസ്ഥിര നഗര വികസന പദ്ധതിയുടെ സഹായത്തോടെ ഇതിനായി അര്‍ബണ്‍ 2020 എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 65 നഗരസഭകളില്‍ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി 30 കോടി രൂപ നീക്കിവെച്ചു. ഇതനുസരിച്ച് 48 നഗരസഭകള്‍ 4000 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച ശേഷമാണ് ഡി പി ആര്‍ തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാറില്‍നിന്നും വിവിധ ഏജന്‍സികളില്‍നിന്നും സഹായങ്ങള്‍ ലഭിക്കുന്നതിന് ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.
നഗരത്തില്‍ കനോലി കനാല്‍ നവീകരണം, തളി ക്ഷേത്രം- കുറ്റിച്ചിറ- എസ് എം സ്ട്രീറ്റ് പൈതൃക സംരക്ഷണ പദ്ധതികള്‍, ബേപ്പൂര്‍ കനാല്‍ വികസനം, ഡ്രെയ്‌േനജ് വികസനം, മലിനജല സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവതരണം നടന്നു. കൊച്ചി കിറ്റ്‌കോ, മുംബൈ ടാറ്റാ കണ്‍സല്‍ട്ടന്‍സി, കോഴിക്കോട് എന്‍ എം സലീം, തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൊസൈറ്റല്‍ അഡ്വാന്‍സ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു.
മേയര്‍ എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സുപ്രണ്ടിംഗ് എന്‍ജിനീയര്‍ അജയ്‌ഘോഷ്, സെക്രട്ടറി ബല്‍രാജ് പ്രസംഗിച്ചു.

Latest