Connect with us

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും നാളെയും ആവേശകരമായ പോരാട്ടങ്ങള്‍. പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദങ്ങളാണ് നടക്കുന്നത്. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് സൂപ്പര്‍ നിര ബാഴ്‌സലോണയും തമ്മിലുള്ളതാണ് കൂട്ടത്തില്‍ ശ്രദ്ധേയം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ജുവെന്റസ് ജര്‍മന്‍ ടീമായ ബൊറൂസിയ ഡോട്മുണ്ടിനെ നേരിടും. ആഴ്‌സണല്‍ – മൊണാക്കോ, ബയെര്‍ ലെവര്‍കൂസന്‍ – അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരങ്ങള്‍ നാളെ.
മാഞ്ചസ്റ്റര്‍സിറ്റി-ബാഴ്‌സലോണ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബാഴ്‌സക്കൊപ്പമായിരുന്നു ജയം. മാനുവല്‍ പെല്ലെഗ്രിനിയുടെ സിറ്റി ഇരുപാദത്തിലുമായി 4-1ന് നാണം കെട്ടു. ഇത്തവണ വിജയം തങ്ങള്‍ക്കൊപ്പമാക്കാനാണ് ഇംഗ്ലീഷ് ടീം പ്രയത്‌നിക്കുന്നത്. സെര്‍ജിയോ അഗ്യുറോയും സില്‍വയും നസ്‌റിയും ടുറെയും ഉള്‍പ്പെടുന്ന സിര്‌റി തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ 5-0ന് ന്യൂകാസിലിനെ തകര്‍ത്തുവിട്ടു. ബാഴ്‌സയാകട്ടെ ലീഗില്‍ മലാഗയോട് ഒരു ഗോളിന് പരാജയപ്പെട്ടു.
തുടരെ പതിനൊന്ന് വിജയങ്ങള്‍ക്ക് ശേഷമായിരുന്നു ബാഴ്‌സ പരാജയപ്പെട്ടത്. ഈ സാഹചര്യം മുതലെടുക്കാനാണ് സിറ്റിയുടെ ശ്രമം.
ഹോംഗ്രൗണ്ടിലാണ് മത്സരമെന്നത് സിറ്റിക്ക് മാനസിക മുന്‍തൂക്കം നല്‍കുന്നു. മെസിയും നെയ്മറും സുവാരസും ഉള്‍പ്പെടുന്ന ബാഴ്‌സലോണയുടെ സൂപ്പര്‍ താര നിരയെ തങ്ങള്‍ക്ക് പേടിയില്ലെന്ന് സിറ്റിയുടെ നായകന്‍ വിസെന്റ് കൊംപാനി പറഞ്ഞു. തുടക്കം തൊട്ട് ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് സിറ്റി പയറ്റുകയെന്ന് കോച്ച് മാനുവല്‍ പെല്ലെഗ്രിനി പറഞ്ഞു. ന്യൂകാസിലിനെതിരെ ടീം പൂര്‍ണ ഫോമിലേക്കുയര്‍ന്നത് തന്നെ ബാഴ്‌സലോണയെ നേരിടാനുള്ള മാനസികബലം കൈവരിച്ചതിന്റെ സൂചനയാണെന്ന് കോച്ച് അവകാശപ്പെട്ടു.കഴിഞ്ഞ വര്‍ഷം സിറ്റിയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.
ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ലിവര്‍പൂള്‍ വിട്ടതിന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ മത്സരം കളിക്കാനെത്തുന്നുവെന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ ബാഴ്‌സലോണ താരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലിവര്‍പൂളിന്റെ ആരാധകവൃന്ദം ഇന്ന് എത്തിഹാദ് സ്റ്റേഡിയത്തിലുണ്ടാകും.
തുടരെ എട്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി റെക്കോര്‍ഡിടുകയാണ് ബാഴ്‌സയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തുടരെ ഏഴ് തവണ ക്വാര്‍ട്ടര്‍ ബെര്‍ത് നേടിയ ബാഴ്‌സലോണ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡിന്റെയും റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.
യൂറോപ്പില്‍ മേല്‍വിലാസം വീണ്ടെടുക്കാനുള്ള തത്രപ്പാടിലാണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസ്. ലീഗില്‍ കരുത്തറിയിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ കാലിടറുന്ന അനുഭവമാണ് ജുവെന്റസിന്. നേര്‍വിപരീതമാണ് ബൊറൂസിയ ഡോട്മുണ്ടിന്റെ കാര്യം. യൂറോപ്പില്‍ മുന്നേറ്റം സാധ്യമാകുന്നു, പക്ഷേ ജര്‍മന്‍ ലീഗില്‍ തപ്പിത്തടയുകയാണ്. പ്രതിസന്ധിഘട്ടത്തിലും ടീമിനൊപ്പം പുതിയ കരാറിലെത്തിയ മാര്‍കോ റ്യൂസ് ബൊറൂസിയ ഡോട്മുണ്ടിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

---- facebook comment plugin here -----

Latest