Connect with us

Sports

ഫെര്‍ഗൂസന്‍-മൗറിഞ്ഞോ പാരിസ് കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു

Published

|

Last Updated

ലണ്ടന്‍: ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയെ റാഞ്ചാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പദ്ധതിയുള്ളതായി സൂചന. ഇതിന്റെ നീക്കുപോക്കുകള്‍ അതീവരഹസ്യമായി യുനൈറ്റഡ് അധികൃതര്‍ നീക്കുന്നു. മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസനാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. മൗറിഞ്ഞോയുമായി അടുത്ത സൗഹൃദമുള്ള ഫെര്‍ഗൂസന്‍ പാരിസില്‍ രഹസ്യകൂടിക്കാഴ്ച നടത്തി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി പാരിസ് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്‌നുമായി പ്രീക്വാര്‍ട്ടര്‍ ആദ്യ പാദം കളിക്കാനെത്തിയപ്പോഴായിരുന്നു ഇത്. അന്ന് മത്സരം കാണാന്‍ ഫെര്‍ഗൂസനും വി ഐ പി സ്റ്റാന്‍ഡില്‍ ഡേവിഡ് ബെക്കാമിനൊപ്പം ഇടം പിടിച്ചിരുന്നു. മത്സരശേഷം ചെല്‍സി ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഫെര്‍ഗൂസന്‍ മൗറിഞ്ഞോയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഫെര്‍ഗൂസന്‍ ഹോട്ടലില്‍ നിന്ന് പുറത്തു വരുന്ന ദൃശ്യം ട്വിറ്ററില്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്നു. അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലക സ്ഥാനമൊഴിയുമ്പോള്‍ മൗറിഞ്ഞോയെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനോട് മൗറിഞ്ഞോ പ്രതികരിച്ചത് വലിയ ആദരമെന്നായിരുന്നു. എന്നാല്‍, ഡേവിഡ് മോയസിനെയാണ് യുനൈറ്റഡ് ഫെര്‍ഗൂസന്റെ പിന്‍ഗാമിയായി കൊണ്ടുവന്നത്. റയല്‍മാഡ്രിഡ് വിട്ട മൗറിഞ്ഞോ ചെല്‍സിയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മൗറിഞ്ഞോ ചെല്‍സിയെ വീണ്ടും ഇംഗ്ലണ്ടിലെ മുന്‍നിര ടീമായി വളര്‍ത്തിയെടുക്കുന്ന കാഴ്ചയാണിപ്പോള്‍. അതേ സമയം ഡേവിഡ് മോയസില്‍ നിന്ന് ലൂയിസ് വാന്‍ ഗാലിലെത്തി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതാപം വീണ്ടെടുക്കാന്‍ പ്രയാസപ്പെടുന്നു. ലീഗില്‍ കഴിഞ്ഞ ദിവസം സ്വാന്‍സിയോട് 2-1ന് യുനൈറ്റഡ് തോറ്റത് വാന്‍ ഗാലിന്റെ സ്ഥാനത്തിന് ഭീഷണിയായിരിക്കുന്നു. സീസണിലെ ആദ്യ കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തിലും ഇതേ മാര്‍ജിനില്‍ സ്വാന്‍സി ജയിച്ചിരുന്നു. ഇതോടെ, സീസണില്‍ ഹോം, എവേ മാച്ചില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് സ്വാന്‍സി പുതിയ ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കി.
അതിനിടെ, ബാഴ്‌സയുടെ ഡിഫന്‍ഡര്‍ ഡാനി ആല്‍വസിനെ ടീമിലെത്തിക്കാനുള്ള യുനൈറ്റഡിന്റെ ശ്രമവും പാളി. ലീഗില്‍ തപ്പിത്തടയുന്ന യുനൈറ്റഡിനേക്കാള്‍ ഇറ്റാലിയന്‍ കരുത്തരായ ജുവെന്റസിലേക്ക് പോകുവാനാണ് ആല്‍വസ് തീരുമാനിച്ചിരിക്കുന്നത്. സീസണോടെ ആല്‍വസിന്റെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കുകയാണ്.