Connect with us

Sports

സന്തോഷമുണ്ട്; സംതൃപ്തനല്ല: സച്ചിന്‍

Published

|

Last Updated

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ സന്തോഷവാനാണെങ്കിലും പൂര്‍ണ തൃപ്തനല്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ചില മേഖലകളില്‍ കുറേക്കൂടി ശ്രദ്ധ പതിയേണ്ടതുണ്ട്. ദൗര്‍ബല്യങ്ങള്‍ മുഴുവനായും പരിഹരിച്ചാലേ മുന്നേറ്റം സാധ്യമാകൂവെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ ധവാനില്‍ നിന്ന് താനത് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം നേരത്തെ തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പൂള്‍ ബിയില്‍ രണ്ടു മല്‍സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച ജയമാണ് ഇന്ത്യ നേടിയത്. മഹേന്ദ്രസിംഗ് ധോണിയെന്ന നായകനില്‍ ഏറെ വിശ്വാസമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് ധോണി.അതദ്ദേഹം പല തവണ തെളിയിച്ചിരിക്കുന്നു. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ധോണിയുടെ പരിചയ സമ്പത്ത് ടീമിനൊന്നടങ്കം ഗുണം ചെയ്യും.
വിരാട് കോഹ്‌ലിയെ കുറിച്ചും സച്ചിന് ഏറെ പ്രതീക്ഷ. ഒറ്റയാന്‍ പ്രകടനം കൊണ്ട് ടീമിനെ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് കോഹ്‌ലി. സാഹചര്യങ്ങള്‍ വിലയിരുത്തി ബാറ്റ് ചെയ്യുന്ന കോഹ്‌ലിയുടെ രീതി പ്രശംസനീയമെന്നും സച്ചിന്‍.
ഇന്ത്യന്‍ ടീമിന്റെ ിലോകകപ്പ് സാധ്യതകളെക്കുറിച്ച് സച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ എത്തുമെന്നാണ് സച്ചിന്റെ പ്രവചനം.
ആതിഥേയരായ ആസ്‌ത്രേലിയ, ന്യൂസീലാന്‍ഡ്, ദക്ഷിണാഫ്രിക്ക, എന്നിവരായിരിക്കും സെമിയിലെത്തുന്ന മറ്റു ടീമുകളെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവചിച്ചിരുന്നു.