Connect with us

Sports

ഇംഗ്ലണ്ടിന് ആദ്യജയം

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച്: അയല്‍ക്കാരായ സ്‌കോട്‌ലണ്ടിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയം കരസ്ഥമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സ്‌കോട്ടിഷ് പതറിപ്പോയി. 42.2 ഓവറില്‍ 184 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ആദ്യ രണ്ട് മത്സരങ്ങളില്‍ ആസ്‌ത്രേലിയയോടും ന്യൂസിലാന്‍ഡിനോടും തകര്‍ന്നുപോയ ഇംഗ്ലണ്ടിന് ഈ ജയം പിടിവള്ളിയാണ്. സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റെടുക്കുകയും ചെയ്ത മോയീന്‍ അലിയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സെഞ്ച്വറി നേടിയ മോയീന്‍ അലിയുടെയും (128) അര്‍ധസെഞ്ച്വറി നേടിയ ഇയാന്‍ ബെല്ലിന്റെയും (54) മികവിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെത്തില്‍ 303 റണ്‍സെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍ ചേര്‍ത്തു.
107 പന്തില്‍ 12 ബൗണ്ടറിയും അഞ്ച് സിക്‌സുമുള്‍പ്പെടുന്നതായിരുന്നു മോയീന്‍ അലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.ഇയോണ്‍ മോര്‍ഗന്‍ 47 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് ബാറ്റിംഗ് ലൈനപ്പില്‍ കാര്യമായ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞപ്പോഴുണ്ടായ തകര്‍ച്ച.
ഇംഗ്ലണ്ട് മോയീന്‍ അലിയും ബെല്ലും നഷ്ടമായശേഷം പെട്ടെന്ന് തകരുകയായിരുന്നു ഇംഗ്ലണ്ട്. 30 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 എന്ന നിലയില്‍ നിന്ന് അവര്‍ 36.1 ഓവറില്‍ നാലിന് 203 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 42 പന്തില്‍ 46 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും 14 പന്തില്‍ 24 റണ്‍സെടുത്ത ജോസ് ബട്‌ലറും കാണിച്ച ഉത്തരവാദിത്വബോധമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 ന് മുകളിലെത്തിച്ചത്. പത്തോവറില്‍ 32 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ജോഷ് ഡേവിയാണ് സ്‌കോട്‌ലണ്ട് നിരയില്‍ തിളങ്ങിയത്.
ഇതുവരെ ഒരു ടെസ്റ്റ് രാജ്യത്തെ തോല്‍പിച്ച ചരിത്രമില്ലാത്ത സ്‌കോട്‌ലാന്‍ഡ് ഇംഗ്ലണ്ടിന്റെ വലിയ സ്‌കോര്‍ പിന്തുടരാനുള്ള മനസ് കാണിച്ചില്ല. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഓരോബാറ്റ്‌സ്മാനും ക്രീസിലെത്തിയത്.
അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കെയ്ല്‍ കോയ്റ്റ്‌സറാണ് (71) സ്‌കോട്ടിഷ് നിരയില്‍ തിളങ്ങിയത്. 84 പന്തില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു കെയ്‌ലിന്റെ ഇന്നിംഗ്‌സ്. ഒരു സ്‌കോട്‌ലണ്ട് ബാറ്റ്‌സ്മാന്റെ ലോകകപ്പിലെ മികച്ച രണ്ടാമത്തെ സ്‌കോറാണിത്.
പ്രസ്റ്റണ്‍ മോംസന്‍ (26), മാത്യു ക്രോസ് (23), മാജിദ് ഹഖ് (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് സ്‌കോട്ടിഷ് ബാറ്റ്‌സ്മാന്‍മാര്‍. ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്‍ മൂന്ന് വിക്കറ്റെടുത്തു. ആന്‍ഡേഴ്‌സണ്‍, വോക്ക്‌സ്, മോയീന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോ റൂട്ട് ഒരു വിക്കറ്റ് നേടി.”ടീമിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ ബൗളര്‍മാര്‍ക്കാണ് മാര്‍ക്ക് നല്‍കിയത്. സ്റ്റീവന്‍ ഫിന്‍, സ്റ്റുവര്‍ട് ബ്രോഡ്, മൊയീന്‍ അലി അവരുടെ പത്തോവര്‍ ഏറ്റവും മികച്ചതാക്കി. ടൂര്‍ണമെന്റില്‍ സാധ്യത അവശേഷിക്കുന്നുണ്ട് ടീമിന്. ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിച്ചു വരുന്നു. സ്‌കോട്ടിനെതിരെ മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Latest