Connect with us

Kerala

ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ് ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: രണ്ടാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് തുടക്കമായി. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ ജൈവവൈവിധ്യ കോണ്‍ഗ്രസും എക്‌സ്‌പോയും ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമില്ലാത്ത തലമുറയെ നമുക്ക് സമ്മാനിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ അപകടകരമായ വിധം വര്‍ധിക്കുമ്പോള്‍ ഓരോ പൗരനും ഇക്കാര്യത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. ഈ രംഗത്ത് ജൈവവൈവിധ്യ ബോര്‍ഡിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മുളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ ഗുണഫലങ്ങളുടെ പങ്കുവെക്കലും ഉറപ്പുവരുത്തുക സന്ദേശം പ്രചരിപ്പിക്കുകയാണ് ദേശീയ ജൈവവവൈവിധ്യ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഉമ്മന്‍ വി ഉമ്മന്‍ പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. കെ പി ലാലാദാസ്, കാലാവസ്ഥാ വ്യതിയാണ വകുപ്പ് ഡയറക്ടര്‍ യലാക്കി ഐ എഫ് എസ്, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി ഇ ഒ. കെ ജി ശ്രീകുമാര്‍, ടി ബി ജി ആര്‍ ഐ ഡയറക്ടര്‍ ഡോ. പി ജി ലത, ഡോ. എസ് രാജശേഖരന്‍ സംസാരിച്ചു.
കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന വിവിധ കോണ്‍ഫറന്‍സുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടക്കം പങ്കെടുക്കും. ഇതോടനുബന്ധിച്ച് കനകക്കുന്നില്‍ ശ്രദ്ധേയമായ ജൈവവൈവിധ്യ പ്രദര്‍ശനവും മേളയും സംഘടിപ്പിച്ചിട്ടുണ്ട്.
അപൂര്‍വ ഔഷധസസ്യങ്ങള്‍, നാടന്‍ നെല്ലിനങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മുള ഉത്പന്നങ്ങള്‍, പരിസ്ഥിതി പെയിന്റിംഗുകള്‍ തുടങ്ങിയ പ്രദര്‍ശനങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. രണ്ടാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ് 27ന് സമാപിക്കും.

Latest